ആളൊഴിഞ്ഞ വീട്ടിൽ കയറ്റി 13കാരിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷകരായി ഹരിതകർമ സേനാംഗങ്ങൾ; പ്രതിയെ പൊക്കി പൊലീസ്

സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനെ മഞ്ജുവും ഷാലിയും ഓട്ടോയില്‍ പിന്തുടര്‍ന്നു.

ആലപ്പുഴ: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. ആലപ്പുഴ ഭരണിക്കാവ് സ്വദേശിയായ പി പ്രവീണിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോസ്‌കോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നവംബര്‍ എട്ടിന് വൈകിട്ട് നൂറനാട് ഇടക്കുന്നത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മഴയത്ത് സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചുവന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ബലമായി പിടിച്ച് ആളൊഴിഞ്ഞ വീട്ടിലേക്കു കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതുവഴി സ്‌കൂട്ടറിലെത്തിയ ഹരിതകര്‍മസേനാംഗങ്ങളായ മഞ്ജുവും ഷാലിയും ബഹളംവെച്ചതുകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനെ മഞ്ജുവും ഷാലിയും ഓട്ടോയില്‍ പിന്തുടര്‍ന്നു.

Also Read:

National
ബൈക്കിലിരുന്ന് സിഗരറ്റ് കത്തിച്ചു; തീപ്പൊരി പെട്രോൾ ടാങ്കിൽ; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

പറയക്കുളം ജംഗ്ഷനില്‍വെച്ച് ഇയാളെ മഞ്ജു പിടിച്ചുനിര്‍ത്തിയെങ്കിലും മഞ്ജുവിനെ തള്ളിയിട്ട് ഇയാള്‍ കടന്നു കളയാന്‍ ശ്രമിച്ചു. എന്നാല്‍ ഒട്ടും പതറാതെ ഷാലി ഓട്ടോയില്‍ യുവാവിനെ പിന്തുടര്‍ന്നു. പറയക്കുളം ജംഗ്ഷന്‍ പിന്നിട്ട് പടനിലം ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും ബാറ്ററി ചാര്‍ജ്ജ് തീര്‍ന്ന് ഓട്ടോറിക്ഷ നിന്നതോടെ ഷാലിക്കും ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ മൂന്നു ദിവസം മുന്‍പ് ഇയാളെ ചായക്കടയ്ക്ക് മുന്‍പില്‍ വെച്ച് വീണ്ടും കണ്ടതോടെ മൊബൈലില്‍ ചിത്രമെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ പതിനഞ്ചോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു .

content highlights- Haritakarma Sena personnel chased the man who tried to molest the girl and tried to catch him.

To advertise here,contact us