കൊച്ചി: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാനക്കാർ അറസ്റ്റിൽ. ഡൽഹി സ്വദേശി ഹിബിസുൾ(22), ബാംഗ്ലൂർ സ്വദേശി മുഹമ്മദ് റഫിഖുൾ (25) എന്നിവരാണ് പനങ്ങാട് പൊലീസിൻ്റെ പിടിയിലായത്. നെട്ടൂർ സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്.
പകൽ സമയത്ത് കുപ്പികളും മറ്റും പെറുക്കാനെന്ന വ്യാജേന എത്തി ആൾതാമസമില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രി മോഷണം നടത്തുകയായിരുന്നു ഇവരുടെ പതിവ്. മോട്ടോർ ഘടിപ്പിച്ച സൈക്കിളിൽ കറങ്ങിനടന്നാണ് മോഷണം. വീടിൻ്റെ മുകളിലത്തെ നിലയുടെ പൂട്ട് തകർത്ത് അകത്തുകയറിയ ഇവർ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ടിവിയും ഓട്ടു വിളക്കുകളും പാത്രങ്ങളും വീട്ടുപകരണങ്ങളും ഇൻവെർട്ടർ ബാറ്ററിയും ഉൾപ്പടെ ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.
എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയായ ഹിബീസുളിനെ ചളികവട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും രണ്ടാം പ്രതിയായ മുഹമ്മദ് റഫിഖുലിനെ മുളവുകാട് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.ഒന്നാം പ്രതിയായ ഡൽഹി സ്വദേശി ഹിബീസുൾ എന്നയാൾക്കെതിരേ ആലപ്പുഴ ജില്ലയിലെ അരൂർ സ്റ്റേഷനിൽ സമാനമായ കേസുണ്ട്. അന്ന് 10 ലക്ഷത്തോളം വിലമതിക്കുന്ന ഓട്ടു പത്രങ്ങളാണ് മോഷ്ടിച്ചത്. കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
Content Highlight : They come to collect rent during the day and look after an empty house; accused of theft in Kochi arrested