പിന്തിരിപ്പിച്ച് മടക്കി അയച്ചു; വീണ്ടും വന്ന് കുളിക്കാനിറങ്ങി മരണത്തിലേക്ക്

മകള്‍ കൃഷ്ണയുടെ വിവാഹനിശ്ചയം മാര്‍ച്ച് രണ്ടിന് നടക്കാനിരിക്കെയാണ് ബിജുവിനെ മരണം കവര്‍ന്നത്

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ ഇന്നലെ വൈകി കുളിക്കാനെത്തിയ രാജകുമാരി പഞ്ചായത്ത് മെമ്പര്‍ ജെയ്‌സണേയും സുഹൃത്ത് ബിജുവിനേയും മറ്റ് രണ്ട് പേരെയും ഡാം സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിച്ച് മടക്കി അയച്ചിരുന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ വാക്കുകള്‍ വകവെയ്ക്കാതെ ജെയ്‌സണും ബിജുവും വീണ്ടും ഡാമില്‍ തന്നെ കുളിക്കാന്‍ എത്തുകയായിരുന്നു. ഇതിനിടെയാണ് മരണപ്പെടുന്നത്. ജെയ്‌സന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയും ബിജുവിന്റെ മൃതദേഹം മൂന്നരയോടെയുമാണ് ലഭിച്ചത്. മകള്‍ കൃഷ്ണയുടെ വിവാഹനിശ്ചയം മാര്‍ച്ച് രണ്ടിന് നടക്കാനിരിക്കെയാണ് ബിജുവിനെ മരണം കവര്‍ന്നത്.

Also Read:

Kerala
ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തതിന് വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് മർദിച്ച് യുവാവ്; അറസ്റ്റിൽ

തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് നാലംഗ സംഘം ആനയിറങ്കല്‍ ജലാശയത്തില്‍ എത്തിയത്. ഡാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയ സംഘത്തെ ഡാം സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിച്ച് മടക്കി അയച്ചു. തങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്ന് മറ്റ് രണ്ട് പേരെ ധരിപ്പിച്ച ശേഷം ജെയ്‌സണും ബിജുവും വീണ്ടും ആനയിങ്കല്‍ ഡാമില്‍ എത്തി. ഇവിടെ കുളിക്കാന്‍ ശ്രമിക്കുമ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജെയ്‌സണും അപകടത്തില്‍പെടുകയായിരുന്നു എന്നാണ് നിഗമനം.

തിങ്കളാഴ്ച രാത്രി മുതല്‍ ഇരുവരുടെയും ബന്ധുക്കള്‍ ഇവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ ആനയിറങ്കലിന് സമീപം ജെയ്‌സന്റെ വാഹനം കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് ഡാം സുരക്ഷാ വിഭാഗം ജീവനക്കാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിജുവിന്റെ വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും കരയില്‍ നിന്ന് ലഭിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തില്‍ പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ജെയ്‌സന്റെ മൃതദേഹം ജലാശയത്തില്‍ നിന്ന് ലഭിച്ചത്. ബിജുവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സ്‌കൂബ ടീമുകളും എത്തി തിരച്ചില്‍ ആരംഭിച്ചു. വൈകുന്നേരം മൂന്നരയോടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- Two drowned to death anayirankal dam while bath

To advertise here,contact us