കോടതിയിൽനിന്ന് രക്ഷപ്പെട്ട പ്രതി ചാടിക്കയറിയത് പൊലീസ് ഓടിച്ച ഓട്ടോയിൽ; വീണ്ടും പൊക്കി

ഇരവിപുരം പൊലീസ് 2019-ലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്

കൊല്ലം: കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ചാടിക്കയറിയത് പൊലീസ് ഓടിച്ച ഓട്ടോയിൽ. പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി ജിജേഷ് ഇതോടെ പിടിയിലുമായി. ഇരവിപുരം പൊലീസ് 2019-ലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയെത്തന്നെയാണ് ഇയാൾ വിവാഹംകഴിച്ചത്. ഒപ്പം താമസിച്ചുവരവേ ഇയാൾ ക്രൂരമായി മർദിച്ചു. അവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് കോടതിക്ക് കൈമാറിയത്.

ശനിയാഴ്ച രാവിലെ 11-ന് പോക്സോ കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകി. കോടതിയിലെത്തിയ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ പ്രസന്നയെ തള്ളിയിട്ടശേഷം കോടതിയിൽനിന്ന്‌ ഓടി രക്ഷപ്പെട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വെസ്റ്റ് പൊലീസ് പിന്നീട് സിനിമാ സ്റ്റൈലിൽ ഇയാളെ പിന്തുടർന്നു.

സ്റ്റേഷനിലെ വനിതാ എസ്ഐ സരിതയും ഡ്രൈവർ ഷെമീറും പൊലീസ് ജീപ്പിൽ പിന്നാലെ പാഞ്ഞു. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീലാലും ബിനു വിജയനും ബൈക്കിൽ പ്രതിയെ തപ്പിയിറങ്ങി. ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണനല്ലൂർ ഭാഗത്ത് പ്രതിയുള്ളതായി അറിഞ്ഞതോടെ കണ്ണനല്ലൂർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടങ്ങി.

Also Read:

Kerala
കോഫിഷോപ്പിൽ ആക്രമണം; പ്രതികളെ തിരഞ്ഞെത്തിയ പൊലീസ് കണ്ടത് തടവിലാക്കപ്പെട്ട യുവതിയെ

ഇതിനിടെ ഡ്രൈവർ ഷെമീർ വേഷം മാറി ഓട്ടോറിക്ഷാ ഡ്രൈവറായി പ്രതിയെ പിന്തുടർന്നു. പൊലീസ് ജീപ്പിൽ പിന്തുടരുന്നെന്ന് മനസ്സിലാക്കിയ പ്രതി, ഈ ഓട്ടോറിക്ഷയിൽ ചാടിക്കയറുകയായിരുന്നു. തുടർന്ന് ഷെമീർ പ്രതിയെ തടഞ്ഞുവെക്കുകയും പിടികൂടി. കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: accused escaped from the court and arrested by the police

To advertise here,contact us