ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാൻ എത്തിയ സുഹൃത്തുക്കൾക്ക് ഇടിമിന്നലേറ്റ് വഴിയില്‍ കിടന്നു; രക്ഷകരായി യുവാക്കൾ

ഉടനെ തന്നെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിൽ എത്തിച്ചു

ഏറ്റുമാനൂര്‍ : കോട്ടയത്ത് ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴക്കാറ്റില്‍ എത്തിയ സുഹൃത്തുക്കളായ യുവാവിനും യുവതിക്കും ഇടിമിന്നലേറ്റു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഇടിമിന്നലേറ്റു അരമണിക്കൂറോളം ഇരുവരും വഴിയില്‍ക്കിടന്നു. അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായി ഇവരെ കണ്ടത്. ഉടനെ തന്നെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിൽ എത്തിച്ചു.

പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരികയാണ്. സംഭവമറിഞ്ഞ് വാര്‍ഡ് അം​ഗം ലൂയി മേടയിലും ഇരുവരുടെയും മാതാപിതാക്കളും ആശുപത്രിയിലെത്തി.

നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമാണ് കൈപ്പുഴക്കാറ്റ്. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴക്കാറ്റിലെത്തിയത്. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു.

പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. തങ്ങള്‍ ഇരുവരെയും കണ്ടില്ലായിരുന്നെങ്കില്‍ പിറ്റേന്ന് രാവിലെ മാത്രമേ ഇവിടെ ആളുകളെത്തുമായിരുന്നുള്ളൂവെന്നും ആശുപത്രിയിൽ എത്തിച്ചവർ പറഞ്ഞു.

Content Highlights : Friends who came to visit the tourist center were struck by lightning; Four youths as rescuers

To advertise here,contact us