കോഴിക്കോട് : മടവൂർ സിഎം മഖാം ശരീഫ് ഉറൂസ് മുബാറക് ഇന്നു തുടങ്ങും. മഖാം സിയാറത്തിന് രാവിലെ 9.30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. മഖാം കമ്മിറ്റി പ്രസിഡന്റ് സയ്യിദ് എൻ.പി.എം. സൈനുൽ ആബിദീൻ തങ്ങൾ കാസർകോട് കൊടി ഉയർത്തും. 10.30-ന് മൗലിദ് പാരായണവും ഓത്തിടൽ ചടങ്ങും നടക്കും. വൈകീട്ട് ഏഴിന് സംഘടിപ്പിച്ചിട്ടുളല സിഎം അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
14- ന് ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് സിഎം മഖാം ജാമിഅ അശ്അരിയ്യ സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാനം നിർവഹിക്കും. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി പ്രഭാഷണം നടത്തും.15 -ന് വൈകീട്ട് ഏഴിന് മജ്ലിസുന്നൂർ വാർഷികം പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദിക്റ് ദുആ സമ്മേളനം 16ന് വൈകീട്ട് ഏഴിന് സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനംചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നിർവഹിക്കും.
17-ന് രാവിലെ ആറുമണിമുതൽ വൈകീട്ട് നാലുവരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറക് സമാപിക്കും. മഖാം കമ്മിറ്റി ജനറൽ സെക്രട്ടറി യു. ഷറഫുദ്ദീൻ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ എം. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിൽ കൺവീനർ വി.സി. റിയാസ് ഖാൻ, ഫൈസൽ ഫൈസി മടവൂർ, ഹാരിസ് അശ്അരി എന്നിവരും സംബന്ധിച്ചു.