മാലിന്യം വലിച്ചെറിഞ്ഞാന്‍ പിഴയെന്ന് പഞ്ചായത്ത്; ഒടുവില്‍ മാലിന്യം കൂട്ടിയിട്ടതില്‍ വെട്ടിലായി പഞ്ചായത്ത്

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച വിവരം നല്‍കിയാല്‍ പിഴത്തുകയുടെ പത്തുശതമാനമാണ് തദ്ദേശ വകുപ്പിന്റെ വാഗ്ദാനം.

കോഴിക്കോട്: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രഖ്യാപിച്ച സമ്മാന പദ്ധതി കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിന് വിനയായി. പഞ്ചായത്ത് തന്നെ വഴിയരികില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഫോട്ടോയെടുത്ത് സമ്മാനത്തിനായി അപേക്ഷിച്ചിരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ നൗഷാദ് തെക്കയില്‍.

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച വിവരം നല്‍കിയാല്‍ പിഴത്തുകയുടെ പത്തുശതമാനമാണ് തദ്ദേശ വകുപ്പിന്റെ വാഗ്ദാനം. 200 രൂപ രൂപ മുതല്‍ 2500 രൂപ വരെ സമ്മാനം കിട്ടാനും സാധ്യതയുണ്ട്, എന്നാല്‍ പിന്നെ ഇതിനും കിട്ടണമല്ലോ രണ്ടായിരം രൂപ എന്നാണ് നൗഷാദ് ചോദിക്കുന്നത്.

കുന്ദമംഗലം പഞ്ചായത്തിന്റെ വഴിയോരങ്ങളില്‍ പഞ്ചായത്ത് തന്നെയാണ് പ്ലാസ്റ്റിക് കുന്നുകൂട്ടിയിരിക്കുന്നത്. പഞ്ചായത്തിലെ ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സി മാലിന്യം ഏറ്റെടുക്കാതെ കൂട്ടിയിട്ടതാണ് കുന്നുകൂടാന്‍ കാരണം.

Content Highlights: kunnamangalam panchayath waste noushad thekkayil seeks compensation

To advertise here,contact us