ട്രേഡിങ് ആപ്പിലൂടെ തട്ടിപ്പ്; കോഴിക്കോട്ടെ ഡോക്ടര്‍ക്ക് ഒന്നേകാല്‍ കോടി, വീട്ടമ്മയ്ക്ക് 23 ലക്ഷം രൂപ നഷ്ടമായി

വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്

കോഴിക്കോട്: ട്രേഡിങ് ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 23 ലക്ഷം രൂപയും സംഘം തട്ടി. ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. സ്റ്റോക്ക് ട്രേഡിങ് ഇന്‍വെസ്റ്റ്‌മെന്റുകളെക്കുറിച്ച് വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മുഖേന ക്ലാസെടുക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതിന് ശേഷം ചെറിയ നിക്ഷേപം സ്വീകരിച്ച് ലാഭവിഹിതം നല്‍കി വിശ്വാസം ആർജിക്കും. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കാമെന്ന് പറയുന്നതോടെ ഇവർ കൂടുതല്‍ പണം നിക്ഷേപിക്കും. നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിനിരയായത് മനസിലാകുന്നത്. കോഴിക്കോട് സ്വദേശിക്കൾക്കുണ്ടായത് സമാന അനുഭവമാണ്. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരും പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായി. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തില്‍ തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിട്ടുള്ളതെന്നും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Content Highlights- Trading app fraud; kozhikode natives lose 1 and half crore. Police Start investigation

To advertise here,contact us