മംഗലാപുരത്ത് നിന്ന് ട്രെയിൻ മാർഗം എത്തിക്കും;വീടുകൾ വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന; കോഴിക്കോട് സ്ത്രീ പിടിയിൽ

കഞ്ചാവും ബ്രൗണ്‍ ഷുഗറും പിടികൂടിയതുമായി ബന്ധപ്പെട്ട് കുന്ദമംഗലം സ്റ്റേഷനില്‍ കേസുണ്ട്

കോഴിക്കോട്: മംഗലാപുരത്ത് നിന്ന് കോഴിക്കോട് നഗരത്തില്‍ വില്‍പനയ്‌ക്കെത്തിച്ച കഞ്ചാവുമായി സ്ത്രീ പിടിയില്‍. വെസ്റ്റ്ഹില്‍ കോനാട് ബീച്ച് സ്വദേശിനി കമറുന്നീസയാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 4.3 കിലോഗ്രാം കഞ്ചാവ് പിടികൂടി.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് കമറുന്നീസ പിടിയിലാകുന്നത്. കഴിഞ്ഞ കുറച്ചുനീളുകളായി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു കമറുന്നീസ. മംഗലാപുരത്ത് നിന്ന് കഞ്ചാവുമായി കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ ഡാന്‍സാഫും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.

മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയാണ് കമറുന്നീസ. കഞ്ചാവും ബ്രൗണ്‍ ഷുഗറും പിടികൂടിയതുമായി ബന്ധപ്പെട്ട് കുന്ദമംഗലം സ്റ്റേഷനില്‍ കേസുണ്ട്. ഇതില്‍ ഇവര്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലായി വീടുകള്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്.

Content Highlights- Woman arrested with cannabis in kozhikode

To advertise here,contact us