ഷെൽഫിലെ ഫയലിനൊപ്പം പാമ്പും; മലപ്പുറം ഡിഡിഇ ഓഫീസിൽ ജീവനക്കാരന് പാമ്പുകടിയേറ്റു

സെക്ഷനുകൾ ഓരോന്നായി അടയ്ക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റന്ററായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സെക്ഷനുകൾ ഓരോന്നായി അടയ്ക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഉടനെ ജൗഹറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു.

കടിച്ചത് വിഷമില്ലാത്ത ഇനമായ മോൺടെൻ ട്രിൻകറ്റ് വിഭാഗത്തിൽപ്പെട്ട പാമ്പാണ് മുഹമ്മദിനെ കടിച്ചതെന്ന് വിദഗ്ധർ പറഞ്ഞു. ഗവ ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിന് പിൻഭാഗത്തുള്ള ശിക്ഷക് സദൻ കെട്ടിടത്തിലാണ് താത്കാലികമായി ഡിഡിഇ ഓഫീസ് പ്രവർത്തിക്കുന്നത്.

സ്വന്തം കെട്ടിടം പൊളിച്ചതിനാൽ താത്കാലികമായി ഇങ്ങോട്ട് മാറുകയായിരുന്നു. ഈ കെട്ടിടത്തിനടുത്താണ് ടെക്‌സ്റ്റ് ബുക്ക് ഡിപ്പോയുടെ തകർന്ന കെട്ടിടങ്ങൾ. ഇവിടങ്ങളിൽ മുമ്പും പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Content Highlights: An employee was bitten by a snake at DDE office in Malappuram

To advertise here,contact us