പാചകവാതകം ചോര്‍ന്നു, ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്‌ഫോടനമുണ്ടായ മുറിക്കുള്ളില്‍ വിശദമായ പരിശോധന നടത്തി

പത്തനംതിട്ട: റാന്നിയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശി ഗണേശാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് റാന്നി എസ്എച്ച്ഒ ജിബു ജോണ്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

റാന്നിയിലെ കെട്ടിടത്തിലെ വാടക മുറിയില്‍ അസം സ്വദേശി ഗണേശ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാചകം ചെയ്യാനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ മുറിക്കുള്ളില്‍ തീ പടര്‍ന്നു എന്നാണ് ഗണേശ് പോലീസിന് മൊഴി നല്‍കിയിരുന്നത്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഗണേശിനെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്.

ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്‌ഫോടനമുണ്ടായ മുറിക്കുള്ളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ തെറിച്ചുപോയ മരത്തടിയില്‍ നിര്‍മ്മിച്ച മുറിയുടെ വാതില്‍ റോഡിന് എതിര്‍ വശത്തുള്ള കെട്ടിടത്തിലാണ് പതിച്ചത്. സമീപത്തെ വ്യാപാരശാലകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകളുണ്ടായിട്ടുണ്ട്.

To advertise here,contact us