അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു

10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള അഞ്ച് ടൺ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്

തൃശൂർ: ചാവക്കാട്, എടക്കഴിയൂർ തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. വി എസ് എം 2 എന്ന വള്ളമാണ് പിടികൂടിയത്. അധികൃതരുടെ മുന്നറിയിപ്പവഗണിച്ചാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. മലപ്പുറം താനൂർ സ്വദേശി അബദുൾ ജലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള അഞ്ച് ടൺ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ചെറുമത്സ്യങ്ങളെ പിന്നീട് കടലിൽ നിക്ഷേപിച്ചു.

നിയമവിധേയമായ വലിപ്പത്തിനു താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എൻ സുലേഖയുടെ നേതൃത്വത്തിൽ മുനക്കടവ് കോസ്റ്റൽ പോലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, മറൈൻ എൻഫോഴ്സ്മെൻ്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പെട്രോളിംഗിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തത്. കോസ്റ്റൽ സി ഐ പി എ ഫൈസൽ, എഫ് ഇ ഒ സുമിത, മറൈൻ എൻഫോഴ്സ് മെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ വി പ്രശാന്ത് കുമാർ, ലൈഫ് ഗാർഡുമാരായ ബി എച്ച് ഷെഫീക്ക്, ഹുസൈൻ, ഷിഹാബ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.

ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്ക്കെതിരെ കര്ശന നടപടി തുടര്ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും സ്പെഷ്യൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് കെ ടി അനിത അറിയിച്ചു.

To advertise here,contact us