കൽപ്പറ്റ: സഹപ്രവർത്തകന്റെ കല്യാണ വീട് സന്ദർശിച്ച് മടങ്ങവേ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെട്ട് അധ്യാപർ. കരിമ്പുഴ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാനന പാതയിലൂടെ സഞ്ചരിക്കവെയാണ് അധ്യാപർക്ക് വഴി തെറ്റിയത്. ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപകരായ ഫൗസി (കോഴിക്കോട്), ഷുഹൈബ് (പാലക്കാട്), മുസ്ഫർ (തൃശ്ശൂർ) , ഷമീം (മലപ്പുറം), അസിം (തിരുവനന്തപുരം) എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഇവർ സഞ്ചരിച്ചിരുന്നത്.
സംഘം വന്യജീവി സങ്കേതത്തിലെത്തിയതോടെ ശക്തമായ മഴ പെയ്തിരുന്നു. മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും ചെയ്തു. കാറിനകത്ത് വെള്ളം കയറിയതിനാൽ കാർ ഓഫ് ആയി പോയിരുന്നു. വനത്തിൽ അകപ്പെട്ടെന്ന് മനസിലായതോടെ സംഘം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും വാട്സ്ആപ്പ് വഴി ലോക്കേഷൻ കൈമാറുകയും ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞയുടൻ കെ പി ബാബുരാജന്റെ നേതൃത്വത്തിലുളള സംഘം സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി ജംഷാദ്, വി ഫിറോസ്, എ ശ്രീരാജ്, കെ മനേഷ്, വിനോദ് ജോസഫ്, ഹോംഗാർഡ് ജിമ്മി എന്നിവരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു. അധ്യാപകരുടെ വാഹനം ഫയർ ഫോഴ്സ് വാഹനത്തിൽ കെട്ടിവലിച്ച് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
Content Highlights: Teachers lost the way and stuck in the forest using Google Maps