അപേക്ഷകള്‍ നല്‍കി മടുത്തു, ഡേറ്റിങ് ആപിലൂടെ ജോലി കണ്ടെത്താന്‍ യുവതി

ഡേറ്റിങ് ആപിലെ മാച്ചുകളോട് ജോലി അന്വേഷിക്കുകയാണ് യുവതി ചെയ്തത്

ഒരു നല്ല ജോലി അന്വേഷിച്ച് കണ്ടെത്തുക എന്നത് ശ്രമകരവും സമ്മര്‍ദ്ദമുണ്ടാക്കുന്നതുമായ പ്രക്രിയയാണ്. മണിക്കൂറുകളോളം എടുത്താകാം റെസ്യൂമെകളും അപേക്ഷകളുമൊക്കെ തയ്യാറാക്കുന്നത്. ഒന്നിലധികം അഭിമുഖങ്ങളിലൂടെയും പരീക്ഷകളിലൂടെയുമൊക്കെ കടന്നു പോയി, ആഴ്ചകള്‍ക്ക് ശേഷം ജോലി ലഭിച്ചില്ലെന്ന് അറിയുന്നത് ഏറ്റവും നിരാശാജനകമായ അനുഭവം തന്നെയാകും. ഇത്തരത്തില്‍ ജോലി അപേക്ഷകള്‍ നല്‍കി മടുത്ത ഒരു യുവതി കണ്ടെത്തിയ മാര്‍ഗമാണ് രസകരം. പരമ്പരാഗത രീതികള്‍ മടുത്ത യുവതി, ജോലി കണ്ടെത്താന്‍ ഡേറ്റിങ് ആപാണ് ഉപയോഗിച്ചത്.

Hinge എന്ന ഓണ്‍ലൈന്‍ ഡേറ്റിങ് ആപാണ് യുവതി ജോലി തിരയുന്നതിനായി ഉപയോഗിച്ചത്. ആപില്‍ തനിക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടിയായി തനിക്ക് അനുയോജ്യമായ ജോലി അന്വേഷിക്കുകയാണ് അവര്‍ ചെയ്തത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങില്‍ താല്‍പര്യമുണ്ട്, തന്റെ പ്രധാന ഹോബികളില്‍ ഒന്നുകൂടിയാണിത്. തനിക്ക് പറ്റിയ ജോലിയുണ്ടോ എന്നായിരുന്നു ഒരാള്‍ക്ക് യുവതി നല്‍കിയ മറുപടി.

im done with indeed applications im taking matters into my own hands pic.twitter.com/Mrev3vzeCw

'അപേക്ഷകള്‍ നല്‍കി മടുത്തു. ഞാന്‍ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ തീരുമാനിച്ചു', എന്നാണ് യുവതി തന്റെ മറുപടികള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. യുവതിയുടെ ആശയത്തെ അതിശയകരമെന്നാണ് ഒരു സോഷ്യല്‍മീഡിയ യൂസര്‍ വിശേഷിപ്പിച്ചത്. ഡേറ്റിങ് ആപുകളിലെ മെസേജുകളിലൂടെ യുവതിക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, എന്നാല്‍ ഈ ആശയം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതോടെ അവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ആരെങ്കിലും സഹതാപം തോന്നി യുവതിയെ ജോലിക്കെടുക്കുമെന്നും, താനും ഈ മാര്‍ഗം പിന്തുടരാന്‍ പോകുന്നുവെന്നുമാണ് മറ്റൊരു കമന്റ്.

Also Read:

Health
ഈ ലക്ഷണങ്ങള്‍ നിസാരമെന്ന് കരുതല്ലേ… ചിലപ്പോള്‍ ഗുരുതരരോഗത്തിന്റെ മുന്നറിയിപ്പാകാം

Content Highlights: Woman Turns To Dating App To Find Job

To advertise here,contact us