'ഗർഭിണിയായ ഭാര്യയാണ് വലുത്, 8 കോടി ശമ്പളമുള്ള ജോലിയല്ല'; ഇന്റർനെറ്റിനെ രണ്ട് തട്ടിലാക്കിയ രാജി!

കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്ന അനേകം പേരുടെ അവസ്ഥയാണ് ഈ അനുഭവം പറയുന്നത്

ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകുക എന്നത് പലപ്പോഴും പ്രൊഫഷണലുകളെ സംബന്ധിച്ച് ഏറെ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. വ്യക്തിപരമായ കാര്യങ്ങൾ കൃത്യമായി നിർവഹിക്കാനാകാതെ വരുമ്പോൾ വലിയ മനസികസമ്മർദ്ദത്തിലേക്ക് തന്നെ പലപ്പോഴും ആളുകൾ പോകാറുണ്ട്. അതുകൊണ്ടുതന്നെ അവ കൃത്യമായി ബാലൻസ് ചെയ്ത് കൊണ്ടുപോകുക എന്നതും വളരെ പ്രധാനമാണ്. അത്തരത്തിലൊരു പ്രൊഫഷണലിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.

'സംവെർ' എന്ന കമ്പനിയുടെ ഉടമസ്ഥനായ നിക് ഹുബറിന്റെ ഒരു 'എക്സ്' പോസ്റ്റിലൂടെയാണ് കഥ പുറംലോകമറിയുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു അഭിഭാഷകൻ തന്റെ കുടുംബജീവിതത്തിന്റെ പ്രാധാന്യം നൽകി, പുഷ്പം പോലെ തന്റെ ജോലി രാജിവെച്ച സംഭവമായിരുന്നു നിക് പങ്കുവെച്ചത്.

കഴിഞ്ഞ അഞ്ചുവർഷമായി ഒരു പ്രശസ്ത ലീഗൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് നിക് പറയുന്ന അഭിഭാഷകൻ. പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച, മണിക്കൂറുകളോളം കഷ്ടപ്പെട്ട് ജോലി ചെയ്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയ ആ അഭിഭാഷകന്റെ വാർഷിക വരുമാനം പോലും എട്ട് കോടിക്കടുത്താണ്. ആഴ്ചയിൽ 80 മണിക്കൂർ വരെ ഈ അഭിഭാഷകൻ ജോലി ചെയ്യാറുമുണ്ട്.

Also Read:

Travel
മണലില്ലാത്ത 'ചുവന്ന കടല്‍', അത്ഭുതം നിറഞ്ഞ പ്രതിഭാസം

എന്നാൽ ഒരു ദിവസം ഈ അഭിഭാഷകൻ പൊടുന്നനെ രാജി വെച്ചു. തന്റെ ഭാര്യ എട്ട് മാസം ഗർഭിണിയായിരിക്കെ, ഒരു കേസിന്റെ ആവശ്യത്തിനായി മറ്റൊരു നഗരത്തിലേക്ക് തന്നോട് പോകാൻ പറഞ്ഞതായിരുന്നു കാരണമത്രേ. അഭിഭാഷകൻ തന്നെ അയക്കരുതെന്നും കുടുംബത്തിന്റെ ഒപ്പം ചിലവഴിക്കേണ്ട സമയമാണിതെന്നും ആവർത്തിച്ച് പറഞ്ഞെങ്കിലും, കമ്പനി സമ്മതിച്ചില്ല. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ അഭിഭാഷകൻ ജോലി രാജിവെക്കുകയായിരുന്നു.

നിക് എക്‌സിൽ പങ്കുവെച്ച ഈ സംഭവം സാമൂഹികമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്കാണ് വഴിതുറന്നത്. ഒരുപാട് പേർ അഭിഭാഷകന്റെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. കുടുംബത്തിന്റെയൊപ്പം ഇനിയും സമയം ചിലവഴിക്കമെന്നും എന്നാൽ ജോലി പോയാൽ വേറെ കിട്ടാൻ പാടാണെന്നുമാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. എന്നാൽ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് കൂടെ നിൽക്കുന്നത് മികച്ച രീതിയാണെന്നും അത് തന്നെയാണ് ശരിയെന്നുമാണ് ചിലർ പറയുന്നത്. എന്തുതന്നെയായാലും കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്ന അനേകം പേരുടെ അവസ്ഥയാണ് ഈ അനുഭവത്തിലൂടെ പുറത്തുവന്നതെന്നാണ് മറ്റുചിലർ പറയുന്നത്.

Content Highlights: Man resigns high salaried job to look after his wife

To advertise here,contact us