'മലയാളികൾ സീരീസ് കണ്ടിട്ടില്ല, സെക്സ് സീനുകളാണ് പ്രചരിക്കുന്നത്'; 'ശൈത്താൻ' കണ്ടുനോക്കൂ എന്ന് ഷെല്ലി

'ഷെല്ലി ഇങ്ങനെ അഭിനയിച്ചല്ലോ എന്നാണ് പലർക്കും അത്ഭുതം. കഥയിൽ വളരെ പ്രാധാന്യമുള്ള സീനുകൾ ആണവ'

മിനിസ്ക്രീനിലൂടെ സുപരിചിതയാണെങ്കിലും അഭിനേത്രി എന്ന നിലയിൽ ഷെല്ലി കിഷോർ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് 'മിന്നൽ മുരളി'യിലൂടെയാണ്. വില്ലനായിട്ടുകൂടി ഗുരുസോമസുന്ദരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് ഉഷയോടുള്ള പ്രണയം കാരണമാണ്. 'ശൈത്താൻ' എന്ന വെബ് സീരീസിലൂടെ ഷെല്ലി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. വെബ് സീരീസിലെ ചില 'ബോൾഡ്' രംഗങ്ങൾ ചർച്ചയാക്കുകയാണ് സമൂഹമാധ്യമങ്ങളിൽ മലയാളികൾ. ഷെല്ലി ഇങ്ങനെയും അഭിനയിക്കുമോ എന്ന് വിമർശിക്കുന്നവരോട് സീരീസ് മുഴുവൻ കാണാൻ പറയുകയാണ് താരം.

'കഥകേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി. തെലുങ്ക് അറിയാത്തതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഡയലോഗുകൾ എല്ലാം അർത്ഥം മനസിലാക്കി കാണാതെ പഠിച്ച് അഭിനയിച്ചു. ശൈത്താനിലെ ആദ്യത്തെ സെക്സ് സീൻ ചെയ്യുമ്പോൾ ആശങ്കയുണ്ടായിരുന്നു. പിന്നെ, സെക്സ് അല്ലല്ലോ, നമ്മുടെ ജോലി മാത്രമല്ലേ, ജോലി എത്രയും ഭംഗിയായി ചെയ്യുക എന്നതാണ് നമ്മുടെ കർത്തവ്യം എന്ന് കരുതി. ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കിവയ്ക്കാൻ അണിയറക്കാർ ശ്രദ്ധിച്ചു. സെറ്റിൽ പല വിഭാഗങ്ങളുടെയും ചുമതല വഹിച്ചത് സ്ത്രീകൾ ആയിരുന്നു. നമ്മുടെ സഹായത്തിനെല്ലാം സ്ത്രീകൾ ഉണ്ടായിരുന്നു.

സീരീസ് ഇറങ്ങി കുറച്ചു ദിവസമായിട്ടും മലയാളത്തിൽ നിന്ന് അധികമാരും ഇത് മുഴുവനായി കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ശൈത്താനിലെ സെക്സ് സീനുകൾ മാത്രമാണ് ഇവിടെ പ്രചരിക്കുന്നത്. ഷെല്ലി ഇങ്ങനെ അഭിനയിച്ചല്ലോ എന്നാണ് പലർക്കും അത്ഭുതം. കഥയിൽ വളരെ പ്രാധാന്യമുള്ള സീനുകൾ ആണ് അവ. സീനുകൾ കാണുന്നു എന്നല്ലാതെ അത് സിനിമയാണോ, ഏത് ഭാഷയാണ് എന്നൊന്നും ആരും നോക്കുന്നില്ല. വളരെ നല്ല സീരീസ് ആണ് ശൈത്താൻ. അത് മലയാളത്തിലും എല്ലാവരും കണ്ടിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നാറുണ്ട്,' ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെല്ലി പറഞ്ഞു.

ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ച 'ശൈത്താൻ' മലയാളം ഉൾപ്പെടെ ഏഴു ഭാഷകളിൽ ലഭ്യമാണ്. ഷെല്ലിക്ക് പുറമെ മലയാളത്തിൽ നിന്ന് ലെന, മണികണ്ഠൻ എന്നിവരും സീരിസിൽ അഭിനയിച്ചിട്ടുണ്ട്.

To advertise here,contact us