അൽഫോൺസ് പുത്രന്റെ 'ഗിഫ്റ്റ്'; ചിത്രത്തിൽ ഇളയരാജയുടെ ഏഴ് പാട്ടുകൾ

കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്

അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രം പ്രഖ്യാപിച്ചു. 'ഗിഫ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഏഴ് പാട്ടുകൾ ഉണ്ടാകും. ഇളയരാജ ഒരു ഗാനം ആലപിക്കുന്നുമുണ്ട്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്.

റോമിയോ പിക്ചേഴ്സിന്റെ ബാനറിൽ രാഹുലാണ് ചിത്രം നിർമ്മിക്കുന്നത്. സാൻഡി, കോവെെ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഗിഫ്റ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇളയരാജയുമൊത്തുള്ള ചിത്രം അൽഫോൺസ് പങ്കുവെച്ചിരുന്നു.

പൃഥ്വിരാജും നയൻതാരയും ഒന്നിച്ച 'ഗോൾഡ്' ആണ് അൽഫോൺസ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗോൾഡ് പ്രിതീക്ഷിച്ച വിജയം നേടാതെ പോകുകയും അൽഫോൺസിന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏറെ നാളായി അൽഫോൺസ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സംവിധായകൻ വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.

To advertise here,contact us