വിവാദം ഉപകാരമായി?; ഇന്ത്യയിൽ 'ബാർബി'യെ അതിവേഗം പിന്നിലാക്കി 'ഓപ്പൺഹൈമർ'

ആഗോളതലത്തിൽ 'ബാർബി'യാണ് പണം വാരുന്നത്

ക്രിസ്റ്റഫർ നോളൻ ചിത്രം 'ഓപ്പൺഹൈമറും' ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി'യും ഇന്ത്യയിൽ ക്ലാഷ് റിലീസായത് ജൂലൈ 21നാണ്. ഏറെ കാലങ്ങൾക്ക് ശേഷം പ്രതീക്ഷയുള്ള രണ്ട് ഹോളിവുഡ് ചിത്രങ്ങൾ റിലീസിനെത്തിയത് രാജ്യത്തെ സിനിമാ പ്രേമികളെ ആവേശത്തിലാക്കിയെന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ 'ബാർബി'യാണ് പണം വാരുന്നതെങ്കിൽ ഇന്ത്യയിൽ നോളൻ ചിത്രത്തിനാണ് ആരാധകരേറെ. വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടതോടെ ഓപ്പൺഹൈമറിന്റെ ഹൈപ്പ് കൂടിയിട്ടുമുണ്ട്.

അണുബോംബിന്റെ സൃഷ്ടാവ് റോബർട്ട് ഓപ്പൺഹൈമറിന്റെ ബയോപിക് ആണ് നോളൻ ചിത്രം. സിനിമയിലെ ഒരു രംഗമാണ് ഇന്ത്യയിൽ വിവാദങ്ങള്ക്ക് കാരണമായിരിക്കുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഓപ്പൺഹൈമർ ഭഗവദ്ഗീതയിലെ രണ്ടു വരികൾ വായിക്കുന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.

മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും അഭിനയിച്ച ബാർബി, 5 കോടി രൂപയാണ് ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് നേടിയതായാണ് റിപ്പോർട്ട്. നാലാം ദിവസമായ ഇന്നലെ 2.50 കോടി നേടി ആകെ കളക്ഷൻ 18.65 ആക്കി ചിത്രമുയർത്തിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ഓപ്പൺഹൈമർ ആണ് ബാർബിയേക്കാൾ കളക്ഷൻ നേടുന്നത്. എന്നാൽ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആകെ കളക്ഷൻ 55.75 കോടിയാക്കി ഉയർത്തിയിരിക്കുകയാണ് നോളൻ ചിത്രം.

69 രാജ്യങ്ങളിൽ നിന്നായി 182 മില്ല്യൺ ഡോളറാണ് തിങ്കളാഴ്ച ബാർബി നേടിയത്. 337 മില്ല്യൺ ഡോളറാണ് ആകെ കളക്ഷൻ. ഓപ്പൺഹൈമറിന് ഏറ്റവും കളക്ഷനുണ്ടാക്കാനായത് ഇന്ത്യയിൽ നിന്നാണ്. ലോകമെമ്പാടുമായി 174.2 മില്യൺ ആണ് ചിത്രം നേടിയത്.

To advertise here,contact us