ആവേശത്തിരയിളക്കി കിംഗ് ഖാനും നയൻസും; കളക്ഷനിൽ 'പഠാനെ' മറികടന്ന് 'ജവാൻ'

ആരാധകരും ഇൻഡസ്ട്രിയിലെ പ്രമുഖരും ആദ്യ പ്രദർശനങ്ങൾക്ക് ശേഷം പങ്കുവെച്ച പോസിറ്റീവ് പ്രതികരണങ്ങൾ സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരെ നൽകുന്നുണ്ട്

ബോളിവുഡിന്റെ ബാദ്ഷാ തന്റെ പുതിയ ചിത്രവുമായി തിയേറ്റുറുകളെ ഇളക്കിമറിക്കുകയാണ്. ഏറെ കാത്തിരിപ്പുകൾക്ക് ശേഷം റിലീസിനെത്തിയ അറ്റ്ലി-ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ' മികച്ച ഓപ്പണിങ് കളക്ഷനുമായാണ് മുന്നേറുന്നത്. ആദ്യ ദിനം പൂർത്തിയാക്കും മുമ്പേ ബോളിവുഡിലെ ഏറ്റവും മികച്ച ഓപ്പണിങ്ങാകും ചിത്രത്തിന്റെത് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ആരാധകരും ഇൻഡസ്ട്രിയിലെ പ്രമുഖരും ആദ്യ സ്ക്രീനിംഗുകൾക്ക് ശേഷം പങ്കുവെച്ച പോസിറ്റീവ് പ്രതികരണങ്ങൾ സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരെ നൽകുന്നുണ്ട്. എല്ലാ ഭാഷാ പതിപ്പുകളിൽ നിന്നുമായി ആദ്യ ദിനത്തിൽ 75 കോടി രൂപ ജവാൻ നേടുമെന്ന പ്രതീക്ഷയാണ് എന്റർടെയ്ൻമെന്റ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക് പങ്കുവെച്ചത്. ജവാൻ 14 ലക്ഷം ടിക്കറ്റുകൾ ഇതിനോടകം വിറ്റു കഴിഞ്ഞു. ഷാരൂഖ് ഖാന്റെ മുൻ ചിത്രം 'പഠാന്റെ' റെക്കോർഡ് ജവാൻ മറികടന്നെന്നാണ് ഇൻഡസ്ട്രി ട്രാക്കർ തരൺ ആദർശ് റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രം ഒരു മാസ് എന്റർടെയ്നാറാണെന്നും കണ്ടിരിക്കാനുള്ള എലമെന്റുകൾ ഉണ്ടെന്നുമാണ് എക്സിലെ പ്രതികരണങ്ങൾ. അതേസമയം, അറ്റ്ലിയുടെ വിജയ് ചിത്രത്തിന്റെ ഫ്ലേവർ തന്നെയാണ് ജവാനിലും പ്രതിഫലിക്കുന്നതെന്ന പക്ഷവുമുണ്ട്.

വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന മകനായും ഡബിൾ റോളിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. ആസാദിന്റെ പ്രണയിനിയായി നയൻതാര എത്തുമ്പോൾ സീനിയർ എസ്ആർകെയുടെ ജോഡിയായി ദീപികയും വന്നു പോവുന്നു. പ്രതിനായക വേഷമാണ് വിജയ് സേതുപതിക്ക്.

To advertise here,contact us