ഇന്ത്യൻ സംഗീതാസ്വാദകരെ കീഴടക്കിയ പാകിസ്താൻ ഗായകൻ; ആതിഫ് അസ്ലം വീണ്ടും ബോളിവുഡിലേക്ക്

ആതിഫിന്റെ തിരിച്ചുവരവിൽ അദ്ദേഹത്തിൻ്റെ ആരാധകർ ആവേശഭരിതരാകുമെന്നും ഈ ഗാനം സ്വീകരിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു

ബോളിവുഡ് മെലഡീസ് കൊണ്ട് ഇന്ത്യൻ സംഗീതാസ്വദകരെ കീഴടക്കിയ പാകിസ്താനി ഗായകനാണ് ആതിഫ് അസ്ലം. വിലക്കിനെ തുടർന്ന് ഏറെക്കാലമായി ഇന്ത്യൻ സംഗീത ലോകത്ത് നിന്ന് വിട്ട് നിന്ന ഗായകൻ വീണ്ടുമെത്തുകയാണ്. ഏഴ് വർഷത്തെ ഇടവെളയ്ക്ക് ശേഷമാണ് ആതിഫ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്. അധ്യായൻ സുമൻ, ദിവിതാ റായി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമിത് കസാരിയ സംവിധാനം ചെയ്യുന്ന 'ലവ് സ്റ്റോറി ഓഫ് 90സ്' (LSO90's) എന്ന ചിത്രത്തിനായാണ് ആതിഫ് പാടിയിരിക്കുന്നത്.

ആതിഫിൻ്റെ തിരിച്ചുവരവിൽ ലവ് സ്റ്റോറി ഓഫ് 90സിന്റെ നിർമ്മാതാക്കളായ ഹരീഷ് സംഗനി, ധർമേഷ് സംഗനി എന്നിവർ ആശംസകളറിയിച്ചു. ആതിഫിന്റെ തിരിച്ചുവരവിൽ അദ്ദേഹത്തിൻ്റെ ആരാധകർ ആവേശഭരിതരാകുമെന്നും ഈ ഗാനം സ്വീകരിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു.

2003ൽ 'ജൽ' എന്ന ബാൻഡിൻ്റെ ഭാഗമായാണ് അതിഫ് അസ്ലാം തന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. ഉറുദുവിലാണ് ആതിഫ് കൂടുതലും പാടിയിട്ടുള്ളതെങ്കിലും ഹിന്ദി, പഞ്ചാബി, ബംഗാളി, പാഷ്തോ എന്നിവയിൽ പാടി ആതിഫ് തൻ്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു. തൻ്റെ സംഗീത നേട്ടങ്ങൾക്ക് പുറമെ, 2011-ൽ ഉർദു സോഷ്യൽ ഡ്രാമ ചിത്രമായ 'ബോൾ' എന്ന ചിത്രത്തിലൂടെ ആതിഫ് തൻ്റെ അഭിനയ അരങ്ങേറ്റവും നടത്തി. 'ദിൽ ദിയാൻ ഗല്ലൻ', 'മെയിൻ രംഗ് ശർബത്തോൺ കാ' തുടങ്ങിയ ചാർട്ട്-ടോപ്പിംഗ് ട്രാക്കുകളും അദ്ദേഹം പാടിയിട്ടുണ്ട്.

To advertise here,contact us