'എന്നെ കൊന്നോളൂ, പക്ഷെ നിങ്ങൾ ഇഷ്ടപ്പെടുന്നയാളുടെ ജീവൻ രക്ഷിക്കൂ'; പ്രതികരിച്ച് പൂനം പാണ്ഡേ

തനിക്ക് ലഭിക്കുന്ന പിന്തുണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിക്കുകയാണ് പൂനം. ഒപ്പം വൈകാരിക കൂറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

സമൂഹ മാധ്യമത്തിൽ ഒരൊറ്റ പോസ്റ്റ് കൊണ്ട് ദേശീയ തലത്തിൽ വാർത്തയിലിടം നേടിയ താരമാണ് പൂനം പാണ്ഡേ. സെർവിക്കൽ കാൻസറിനെ കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തന്റെ മരണവാർത്ത പ്രചരിപ്പിച്ചതിന് പിന്നാലെ നടിക്ക് നേരെ ഏതാനും ദിവസങ്ങളായി സൈബർ ആക്രമണങ്ങൾ രൂക്ഷമാവുകയാണ്. ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന പിന്തുണകളെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിക്കുകയാണ് പൂനം. ഒപ്പം വൈകാരിക കൂറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

'എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം. പക്ഷേ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ' എന്നാണ് പൂനത്തിന്റെ ഇൻസ്റ്റ സ്റ്റോറി. സെർവിക്കൽ കാൻസറിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ രോഗികളെ കുറിച്ച് ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെയ്ക്കണമെന്നും പൂനം പാണ്ഡേ പറയുന്നു.

കൂടാതെ സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ഒന്നിലേറെ പോസ്റ്റുകളും താരത്തിന്റെ സോഷ്യൽ മീഡിയ വാളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സെർവിക്കൽ കാൻസറിനെ കുറിച്ച് പുതിയ അറിവാണ് ലഭിച്ചത് എന്ന് പ്രതികരിച്ചുകൊണ്ട് പൂനത്തിന് സന്ദേശമയച്ച നിരവധി പേരുടെ സ്ക്രീൻഷോട്ടുകളും താരം ഇൻസ്റ്റയിൽ സ്റ്റോറിയാക്കിയിട്ടുണ്ട്.

'നിശ്ശബ്ദമായി ജീവനെടുക്കുന്ന ഒരു രോഗമാണിത്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്ന്നിട്ടുണ്ട്. മറ്റു കാന്സറിനെപ്പോലെ സെര്വിക്കല് കാന്സറും തടയാം. എച്ച് പി വി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല് പരിശോധന നടത്തുക. സെര്വിക്കല് കാന്സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില് പങ്കാളികളാകുക', പൂനം പറഞ്ഞു.

To advertise here,contact us