'വിവാഹം കഴിഞ്ഞിട്ട് ഒരു മാസം'; പങ്കാളി ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്തെന്ന് ലെന

2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം വിവാഹകാര്യം പറയാനായി കാത്തിരിക്കുകയായിരുന്നുവെന്നും ലെന പറഞ്ഞു

ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള തന്റെ വിവാഹം വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിൽ തന്റെ ജീവിത പങ്കാളിയും ഉള്ളതിൽ അഭിമാനമെന്നാണ് ലെന പോസ്റ്റിലൂടെ പങ്കുവെച്ചത്. 2024 ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നും പ്രധാനമന്ത്രി ഗഗന്യാന് വിവരം പ്രഖ്യാപിച്ചതിന് ശേഷം വിവാഹകാര്യം പറയാനായി കാത്തിരിക്കുകയായിരുന്നുവെന്നും ലെന പറഞ്ഞു.

'ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു,' എന്നാണ് ലെനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. ഈ ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണൻ. ലെനയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 2025ൽ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയിൽ എത്തുന്നതാണ് ഗഗൻയാൻ ദൗത്യം.

To advertise here,contact us