ഒടുവിൽ 'ധ്രുവനച്ചത്തിരം' റിലീസ് ചെയ്യാനുള്ള പദ്ധതികളുമായി അണിയറക്കാർ; ആടുജീവിതവുമായി ക്ലാഷ്?

സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും അവസാനിച്ചതായും ഈ മാസം 28 ന് ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ട്

ഏറെ വർഷങ്ങളായി തമിഴ് സിനിമാ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ-ചിയാൻ വിക്രം ടീമിന്റെ 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്നത് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചാ വിഷയവുമാണ്. ഇപ്പോഴിതാ ധ്രുവനച്ചത്തിരം ഈ മാസം തിയേറ്ററിൽ റിലീസ് ചെയ്യാൻ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും അവസാനിച്ചതായും ഈ മാസം 28 ന് ചിത്രം റിലീസ് ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ ആടുജീവിതവും ഈ മാസം 28 നാണ് റിലീസ് ചെയ്യുന്നത്. ധ്രുവനച്ചത്തിരവും ഇതേദിവസമെത്തിയാൽ ഒരു വമ്പൻ ക്ലാഷ് റിലീസ് തന്നെ പ്രതീക്ഷിക്കാം. ആടുജീവിതത്തിലേക്ക് ചിയാൻ വിക്രമിനെ ആദ്യം പരിഗണിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തെറ്റിദ്ധാരണകൾ മൂലം വേർപിരിഞ്ഞു, പിന്നീട് ഒരിക്കലും 'ഗുണ' സെറ്റിൽ പോയിട്ടില്ല: സിബി മലയിൽ

ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില് വേഷമിടുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.

To advertise here,contact us