ആലിയ-രൺബീറിന്റെ 'ലവ് ആൻഡ് വാർ'; പുതിയ വാർത്തയുമായി സഞ്ജയ് ലീല ബൻസാലി

ലവ് ആൻഡ് വാർ 2025 ക്രിസ്മസ് റിലീസായി എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്

ബോളിവുഡിന്റെ പ്രിയപ്പെട്ട സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ആദ്യ വെബ് സീരീസ് 'ഹീരമാണ്ടി: ദ ഡയമണ്ട് ബസാറി'ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലടക്കം സീരീസിലെ ചില സീനുകളും വൈറലായിരുന്നു. ഹീരാമണ്ടിക്ക് ശേഷം ബോളിവുഡ് ആരാധകർ കാത്തിരിക്കുന്ന അടുത്ത ബൻസാലി ചിത്രമായ 'ലവ് ആൻഡ് വാറി'ന്റെ പുതിയ അപ്ഡേറ്റ് കൂടി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശാൽ എന്നിവരെ പ്രധാന താരങ്ങളാക്കി'ലവ് ആൻഡ് വാർ' എന്ന പേരിൽ സിനിമയൊരുക്കുന്നു എന്ന വാർത്ത നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും തന്നെയെത്തിയിരുന്നില്ല. എന്നാൽ സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് ഒരുക്കി എന്നാണ് സഞ്ജയ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദഹം സംസാരിച്ചത്.

പാട്ട് ഒരുക്കി. പക്ഷെ ചിത്രത്തിൽ എവിടെ അത് ചേർക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്, എന്നാൽ ആ പാട്ട് സിനിമയിൽ ചേർക്കാതെ പൂർണമാവുകയുമില്ല എന്നും അദ്ദേഹം പറഞ്ഞു. 'ലവ് ആൻഡ് വാർ' 2025 ക്രിസ്മസ് റിലീസായി എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആലിയയും രൺബീറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. 'ബ്രഹ്മാസ്ത്ര'യിലെ ആദ്യ ഭാഗമായ 'ശിവ'യിലായിരുന്നു ഇരുവരും നായികാ-നായകന്മാരായി ആദ്യമായി ഒന്നിക്കുന്നത്.

ആരാണ് ബുജ്ജി?; 'കല്ക്കി 2898 എഡി'യിലെ പുതിയ കഥാപാത്രം മേയ് 22-ന്

To advertise here,contact us