'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ കേസ്; വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

അഭിഭാഷകൻ പിന്മാറിയതിനാൽ ഇനി ജൂൺ 12നാണ് ഹർജി പരിഗണിക്കുക

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ പറവ ഫിലിംസിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. ഹർജിക്കാർ ഒത്തുതീർപ്പിന് തയാറാകാത്തതിനാലാണ് അഭിഭാഷകന്റെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്. പറവ ഫിലിംസിന്റെ ഉടമസ്ഥരായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജി കോടതിയുടെ പരിഗണനയിലാണ്.

അഭിഭാഷകൻ പിന്മാറിയതിനാൽ ഇനി ജൂൺ 12നാണ് ഹർജി പരിഗണിക്കുക. നിർമ്മാതാക്കൾക്ക് വാദിക്കാൻ ഇത് അവസാന അവസരമായിരിക്കുമെന്ന് അറസ്റ്റ് സ്റ്റേ ചെയ്ത് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നീട്ടി നൽകിക്കൊണ്ടു ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നത്.

നിർമ്മാതാക്കളായ പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ ബോക്ക് ബസ്റ്റർ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജിന്റെ ആരോപണം.

'എനിക്ക് ഷാരൂഖ് ഖാന്റെ ആരാധകരെ ഭയമാണ്'; ഒരുമിച്ച് സിനിമ ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്

To advertise here,contact us