പുലിമുരുകൻ ലാഭമാകണമെങ്കിൽ 15 കോടി കിട്ടണം, അത് കിട്ടുമോ എന്ന് ആന്റണി ചേട്ടനോട് ചോദിച്ചു: വൈശാഖ്

'ആ സമയം ഞാൻ അന്വേഷിച്ച് നടക്കുന്നത് 15 കോടി ലഭിക്കുമോ എന്നാണ്'

100 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നയിച്ച ചിത്രമാണ് മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിന്റെ പുലിമുരുകൻ. അന്നുവരെ കാണാത്ത വിധമുള്ള ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ മാസ് സീനുകളും കൂട്ടിച്ചേർത്ത ചിത്രം മാസ് സിനിമാ ആരാധകർക്ക് ഒരു വിരുന്നായിരുന്നു. കേരളത്തിൽ നിന്ന് മാത്രം ചിത്രം 75 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. എന്നാൽ റിലീസിന് മുമ്പ് സിനിമ ലാഭമാകാനുള്ള പണം ലഭിക്കുമോ എന്ന് ടെൻഷൻ അടിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ വൈശാഖ്. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'പുലിമുരുകൻ ചെയ്യുന്ന സമയം 100 കോടി പോയിട്ട്, ഈ സിനിമ ലാഭമാകാൻ ബിസിനസ്സൊക്കെ കഴിഞ്ഞിട്ട് 15 കോടി ലഭിക്കണം നിർമ്മാതാവിന്. ആ സമയം ഞാൻ അന്വേഷിച്ച് നടക്കുന്നത് 15 കോടി ലഭിക്കുമോ എന്നാണ്. അതിന് മുന്നേ അത്രയും പണം ലഭിച്ചതായുള്ള അറിവില്ല. റിലീസ് ദിവസം രാവിലെ ഞാൻ ആന്റണി ചേട്ടനോട് (ആന്റണി പെരുമ്പാവൂർ) 15 കോടി വരാൻ വല്ല വഴിയുമുണ്ടോ എന്ന് ചോദിച്ചു. 100 കോടി എന്ന തുകയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല. നമ്മളെ സംബന്ധിച്ചിടത്തോളം ഇൻവെസ്റ്റ് ചെയ്ത പണം തിരികെ ലഭിക്കണം, ഇല്ലെങ്കിൽ നമുക്ക് ഉറങ്ങാൻ പറ്റില്ല. നമ്മളെ വിശ്വസിച്ച് ഒരാൾ പണം ഇടുകയാണല്ലോ. അത് തിരികെ ലഭിക്കുക എന്നതാണ് നമ്മുടെ ടെൻഷൻ. ബാക്കി എത്ര കിട്ടിയാലും ഹാപ്പിയാണ്,' വൈശാഖ് പറഞ്ഞു.

2016 ഒക്ടോബർ ഏഴിനായിരുന്നു പുലിമുരുകൻ റിലീസ് ചെയ്തത്. 25 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ അന്നുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചാണ് 100 കോടി ക്ലബിൽ കയറിയത്. ജഗപതി ബാബു, കാമിലിനി മുഖർജി, ലാൽ, വിനു മോഹൻ, ബാല, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയായിരുന്നു.

മമ്മൂട്ടിയുടെ നായകൻ സുരേഷ് ഗോപി, ആരാധകർക്ക് ഇരട്ടി മധുരം

അതേസമയം വൈശാഖിന്റെ പുതിയ ചിത്രം ടർബോ ഇതിനകം ആഗോളതലത്തിൽ 70 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞു. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിട്ടുണ്ട്.

To advertise here,contact us