ബജറ്റ് 600 കോടിയെങ്കിൽ പ്രതിഫലമെത്രെയെന്ന് പ്രത്യേകിച്ച് പറയണോ; 'കൽക്കി' താരങ്ങൾക്ക് ലഭിച്ചത്

ആദിപുരുഷ്, രാധേ ശ്യാം തുടങ്ങിയ തുടർച്ചയായ പ്രഭാസിന്റെ സിനിമകളാണ് പ്രതിഫലമുയർത്താൻ കാരണമായത്

തെന്നിന്ത്യൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. 600 കോടി ബജറ്റിലൊരുക്കുന്ന ചിത്രത്തില് അഭിനയിക്കുന്ന താരങ്ങളുടെ പ്രതിഫലം ഒട്ടും കുറവായിരിക്കില്ല എന്നാണ് പ്രേക്ഷകര് അഭിപ്രായപ്പെടുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിന്റെ റിപ്പോര്ട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തുവരുന്നത്.

കൽക്കി '2898 എ ഡി'യിൽ 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതും പ്രഭാസിനാണ്. 150 കോടി രൂപയാണ് താരത്തിന് ലഭിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സലാർ, ആദിപുരുഷ്, രാധേ ശ്യാം തുടങ്ങിയ തുടർച്ചയായ പ്രഭാസിന്റെ സിനിമകളാണ് പ്രതിഫലമുയർത്താൻ കാരണമായതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിലെ മറ്റൊരു വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണാണ്. ദീപികയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും ചിത്രത്തിൽ പ്രഭാസിനെ പോലെ മുഴുനീള കഥാപാത്രമാണ് എന്നാണ് ട്രെയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന. 20 കോടിയാണ് നടിയുടെ പ്രതിഫലമെന്നാണ് വിവരം. താരത്തിന്റെ മുൻപുള്ള ചിത്രമായ ഫൈറ്ററിന് 15 കോടിയാണ് പ്രതിഫലമായി വാങ്ങിയത്.

മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ അശ്വത്ഥാമാവിൻ്റെ വേഷമാണ് ബിഗ് ബിയായ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. ശത്രുക്കളിൽ നിന്ന് നായകനെയും നായികയെയും രക്ഷപ്പെടുത്തുന്ന കാവൽകാരനാണ് കൽക്കിയിലെ അശ്വത്ഥാമാവ്. സിനിമയ്ക്കായി അമിതാഭ് ബച്ചൻ 18 കോടി പ്രതിഫലമായി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കൽക്കിയിലെ മറ്റൊരു സ്ത്രീ കഥാപാത്രമാണ് ദിഷ പഠാനിയുടേത്. ഭൈരവയുടെ കാമുകയാണോ ദിഷ അഭിനയിക്കുന്ന കഥാപാത്രം എന്ന സംശയമുണ്ട്. രണ്ട് കോടിയാണ് താരത്തിന്റെ പ്രതിഫലം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് കമൽഹാസന്റേത്. വിരൂപിയായുള്ള താരത്തിന്റെ കഥാപാത്രത്തെ ട്രെയ്ലറിൽ പോലും സെക്കന്റുകൾ മാത്രമാണ് കാട്ടിയിട്ടുള്ളത്. കൽക്കിക്കായി കമൽ ഹാസൻ വാങ്ങിയത് 20 കോടിയെന്നാണ് റിപ്പോർട്ട്.

To advertise here,contact us