ഇനി കാത്തിരിക്കേണ്ട, ആൽപറമ്പിൽ ഗോപി സ്വീകരണ മുറികളിലേക്ക്; ഒടിടി റിലീസ് പ്രഖ്യാപിച്ചു

രാഷ്ട്രീയ, വർഗീയ വിഷയങ്ങളും കൈകാര്യം ചെയ്ത സിനിമയുടെ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിലും സിനിമ നിരൂപകരുടെ ഇടയിലും ചർച്ചയായിരുന്നു.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ ഒടിടി റിലീസിന് തയാറെടുക്കുകയാണ്. മെയ് ഒന്നിന് റിലീസിനെത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈ അഞ്ചിന് ചിത്രം സംപ്രേഷണം ചെയ്യും.

ആൽപറമ്പിൽ ഗൊപി എന്ന നാട്ടിൻപുറത്തുകാരനായ യുവാവായാണ് നിവിൻ പോളി ചിത്രത്തിൽ വേഷമിട്ടത്. പേര് പോലെ തന്നെ ഇന്ത്യയിൽ നിന്ന് നിവർത്തിയില്ലാതെ നാട് വിട്ട് മരുഭൂമിയിലെത്തുന്ന ആൽപറമ്പിൽ ഗോപിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പാകിസ്താനിയായ സഹതൊഴിലാളിയും ഇരുവരുടെയും സൗഹൃദവുമൊക്കെയാണ് സിനിമ. രാഷ്ട്രീയ, വർഗീയ വിഷയങ്ങളും കൈകാര്യം ചെയ്ത സിനിമയുടെ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിലും സിനിമ നിരൂപകരുടെ ഇടയിലും ചർച്ചയായിരുന്നു.

ധ്യാൻ ശ്രീനിവാസനും സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആൽപറമ്പിൽ ഗോപിയുടെ സുഹൃത്തായ മൽഗോഷായാണ് ധ്യാൻ വേഷമിട്ടത്. ഡിജോ ജോസ് ആന്റണി, അനശ്വര രാജൻ, മഞ്ജു പിള്ള, സലീം കുമാർ, സലീം കുമാർ, മാത്യു തോമസ് എന്നിവരും സിനിമയുടെ ഭാഗമായിട്ടുണ്ട്.

ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ഷാരീസ് മുഹമ്മദും ഒന്നിച്ച ചിത്രമാണിത്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില് ലിസ്റ്റിന് സ്റ്റീഫന് ആയിരുന്നു. നിവിന് പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില് ഒരുങ്ങിയ സിനിമ എന്ന വിശേഷണവും സിനിമയ്ക്ക് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. സുദീപ് ഇളമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്.

വീണ്ടും പ്രണയ നായകനായി ഷെയിൻ നിഗം; ഹാൽ ഒരുങ്ങുന്നു

To advertise here,contact us