'എന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർക്കാം'; മലയാളി പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കമൽ

'തമിഴ്നാട്ടിൽ മാത്രമല്ല പല ഭാഗങ്ങളിലായി പല എക്സ്പേർട്ട്സിന്റെ അടുത്തുമെല്ലാം കൊടുത്ത് ഉണ്ടായ ഒരു പ്രൊഡക്റ്റാണ് ഞാൻ'

മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് ഉലകനായകൻ കമൽഹാസന് ലഭിക്കാറുള്ളത്. 63 വര്ഷമായി ഇന്ത്യന് സിനിമയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം തന്റെ കരിയറിന്റെ തുടക്കത്തിൽ മലയാളം സിനിമകളുടെയും ഭാഗമായിരുന്നു. അതിനാൽ തന്നെ കേരളത്തോടും മലയാള സിനിമയോടും മലയാളി പ്രേക്ഷകരോടുമുള്ള തന്റെ സ്നേഹവും കടപ്പാടും അദ്ദേഹം എപ്പോഴും എടുത്തുപറയാറുമുണ്ട്. ഇപ്പോഴിതാ തന്റെ പേരിനൊപ്പം മെയ്ഡ് ഇൻ കേരള എന്ന് ചേർക്കുന്നതിൽ തെറ്റില്ലെന്ന് പറയുകയാണ് അദ്ദേഹം.

'എനിക്ക് കേരളത്തിൽ നിരവധി സുഹൃത്തുക്കളും നിരൂപകരുമുണ്ട്. അവരെ ഇന്നത്തെ എന്നെ ഉരുവാക്കിയെടുത്തത്. ഒരു സാധനം എവിടെയാണ് ഉണ്ടാക്കിയത് എന്ന് പറയുമല്ലോ. അങ്ങനെ എന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ അതിൽ ഒരു തെറ്റുമില്ല. തമിഴ്നാട്ടിൽ മാത്രമല്ല പല ഭാഗങ്ങളിലായി പല എക്സ്പേർട്ട്സിന്റെ അടുത്തുമെല്ലാം കൊടുത്ത് ഉണ്ടായ ഒരു പ്രൊഡക്റ്റാണ് ഞാൻ. അതുകൊണ്ടാണ് ഇന്നിപ്പോൾ ഞാനൊരു പാൻ ഇന്ത്യൻ ആക്ടറായി ഇവിടെ നിൽക്കുന്നത്. എല്ലാവർക്കും നന്ദി,' എന്ന് കമൽഹാസൻ പറഞ്ഞു. ഇന്ത്യന് 2 ന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അന്തരിച്ച മഹാനടന് നെടുമുടി വേണുവിനൊപ്പമുള്ള ഓർമ്മകളും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. 'നെടുമുടി വേണുവിനെ എനിക്ക് മിസ് ചെയ്യുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ അദ്ദേഹം മിക്കവാറും സുഖമില്ലാതെ കിടക്കുകയായിരുന്നു. ഈ സിനിമ എനിക്ക് മിസ് ആവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നമ്മൾ പടത്തിന്റെ വിജയം ആഘോഷിക്കുമ്പോൾ നമുക്ക് അവിടെ വെച്ച് കാണാമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും ഞാൻ കാണുന്നുണ്ട്. എന്റെ മനസ്സിൽ ഇവിടെ അയാൾ ഉള്ളത് പോലെ തോന്നുന്നുണ്ട്. മലയാളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു നടനാണ് നെടുമുടി വേണു,' എന്ന് കമൽഹാസൻ പറഞ്ഞു.

പഴയ ഇന്ത്യയല്ല സേനാപതി; അനീതികളെ ചെറുക്കാന് എല്ലാ അടവുകളും പഠിച്ചുകൊണ്ട് വരണം പുതിയ ഇന്ത്യയിലേക്ക്

ഇന്ത്യൻ 2 ശങ്കറിന്റെയോ കമൽ ഹാസന്റെയോ മാത്രം സിനിമയല്ലെന്നും ചിത്രത്തിലെ ഒരോ പിന്നണി പ്രവർത്തകർക്കും ചിത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണു വിജയം എന്ന കമൽ ഹാസന്റെ പഴയ മലയാളം സിനിമ 15 പ്രിന്റുകളാണ് കേരളത്തിൽ എത്തിയിരുന്നത് , എന്നാൽ ഇന്ത്യൻ 2 ഇന്ന് 630 പ്രിന്റുകളിൽ എത്തുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

To advertise here,contact us