ദേവദൂതൻ ദേശീയ അവാർഡിന് വേണ്ടി മത്സരിക്കും: സിയാദ് കോക്കർ

സിബി മലയിൽ , വിദ്യാസാഗർ തുടങ്ങിയവർ ദേശീയപുരസ്കാരം അർഹിക്കുന്നുണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു.

ദേവദൂതൻ നാഷണൽ അവാർഡിനായി മത്സരിക്കുമെന്ന് നിർമാതാവ് സിയാദ് കോക്കർ. സിനിമ പുരസ്‌കാരത്തിന് അർഹതപ്പെട്ടതാണെന്നും അതിനുള്ള നിയമങ്ങൾ അറിയില്ലെങ്കിലും നിയമം തിരുത്തിയെഴുതാൻ സാധിക്കുമെന്നും സിയാദ് കോക്കർ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിബി മലയിൽ, വിദ്യാസാഗർ തുടങ്ങിയവർ ദേശീയപുരസ്കാരം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബി മലയിലിന്റെ സംവിധാനത്തിൽ കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് 24 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച മോഹൻലാൽ ചിത്രം ദേവദൂതന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ദേവദൂതൻ ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയിരിക്കുന്നു. കേരള ബോക്സ് ഓഫീസിൽ മാത്രം 30 ലക്ഷമാണ് നേടിയിരിക്കുന്നത്. ബാക്കി 20 ലക്ഷം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള കളക്ഷനാണ്.

2000-ൽ പുറത്തിറങ്ങിയ ദേവദൂതൻ പരാജയമായിരുന്നു. ശബ്ദ മിശ്രണത്തിൽ മികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയും മാറ്റങ്ങൾ വരുത്തി പുതിയ സിനിമയ്ക്ക് സമാനമായാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.

അതേസമയം, പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൌണ്ട് കൂട്ടിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 56 തിയേറ്ററിൽ നിന്ന് 100 തിയേറ്ററുകളിലായി സിനിമ പ്രദർശനം തുടരും.

To advertise here,contact us