'ചിത്രീകരണം അനുമതിയില്ലാതെ'; പൊലീസിന് പിന്നാലെ എംവിഡിയും കേസെടുത്തു

കൊച്ചി എം ജി റോഡിൽ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കാറിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ്, സ്റ്റണ്ട് മാസ്റ്റർ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്

സിനിമ ഷൂട്ടിനിടെ ഉണ്ടായ വാഹനാപകടത്തിൽ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ പരിശോധനയ്ക്ക് നിയമിച്ചു. എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലും തുടർ നടപടിയുണ്ടാകുമെന്ന് ആർടിഒ അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാതെയാണ് സിനിമാ പ്രവർത്തകർ ചിത്രീകരണം നടത്തിയത്.

നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് സിനിമാ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. അമിതവേഗം, അലക്ഷ്യമായി വാഹനമോടിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 'ബ്രൊമാൻസ്' എന്ന സിനിമയുടെ രംഗം ചിത്രീകരിക്കുന്നതിനിടെ കൊച്ചി എം ജി റോഡിൽ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കാറിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ്, സ്റ്റണ്ട് മാസ്റ്റർ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്.

സ്റ്റണ്ട് മാസ്റ്ററായിരുന്നു കാർ ഓടിച്ചത്. നടന്മാർക്ക് മൂവർക്കും സാരമല്ലാത്ത പരിക്കുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു. തലകീഴായി മറിഞ്ഞ, ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.

18 പ്ലസ് എന്ന സിനിമയ്ക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചിത്രമാണ് 'ബ്രൊമാൻസ്'. മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. കലാഭവൻ ഷാജോൺ , ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അർജുൻ അശോകന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം 'ഭ്രമയുഗം' ആയിരുന്നു. മമ്മൂട്ടി നായകനായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്.

To advertise here,contact us