രണ്ടാം വരവ് ഗംഭീരമാക്കി വിശാൽ കൃഷ്ണമൂർത്തി, 56ൽ നിന്ന് 100 ലേക്ക് സ്ക്രീൻ കൗണ്ട് ഉയർത്തി 'ദേവദൂതൻ'

പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് കൂട്ടി ഇരിയ്ക്കുകയാണ് നിര്‍മ്മാതാക്കള്‍

പാട്ട് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്കോ‍ർ‌ കൊണ്ടും വിദ്യസാ​ഗ‍ർ മാജിക് തീ‍ർത്ത ചിത്രം ദേവദൂതൻ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തേച്ചു മിനുക്കി പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൌണ്ട് കൂട്ടി ഇരിയ്ക്കുകയാണ് നിര്‍മ്മാതാക്കള്‍. 56 തിയേറ്ററിൽ നിന്ന് 100 തിയേറ്ററുകളിലേക്കാണ് ചിത്രം എത്തുന്നത്. കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ ചിത്രം എത്തിയിട്ടുണ്ട്.

സിബി മലയിലിന്റെ സംവിധാനത്തിൽ ഊട്ടി പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയിലെ ഗാനങ്ങളും ടീസർ-ട്രെയിലറും റീമാസ്റ്റേർഡ് വേർഷനിൽ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ബിഗ് സ്ക്രീനിൽ നൽകാൻ പോകുന്ന വൈഭവത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ ധാരണ ലഭിച്ചിരുന്നു. അതു തന്നെയാണ് പലവട്ടം കണ്ട സിനിമയെ വീണ്ടും കാണാൻ തിയേറ്ററിലേക്ക് മലയാളികളെ അടുപ്പിച്ചത്.

2000ത്തിൽ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലറിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

To advertise here,contact us