തഗ് വോയിസുമായി ഉലകനായകൻ; ഷൂട്ടിങ്ങിനൊപ്പം ഡബ്ബിങ്ങും, തഗ് ലൈഫ് അപ്ഡേറ്റ്

ഉലകനായകൻ ശബ്ദമുയർത്തുമ്പോൾ അത് ലോകം കേൾക്കുന്നു

ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് ഇടവേളകളില്ലാതെ പായുകയാണ് കമൽ ഹാസൻ. 'കൽക്കി 2898 എ ഡി'യിലെ സുപ്രീം യാസ്കിൻ എന്ന വില്ലൻ കഥാപാത്രത്തിന് ശേഷം കമൽഹാസൻ-മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'തഗ് ലൈഫ്' ആണ് താരത്തിന്റെതായി ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണത്തിനോടൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണ്. അടുത്ത ഷെഡ്യൂളിൻ്റെ ഷൂട്ടിംഗ് ഓഗസ്റ്റ് ആഞ്ചിനാണ് പുനരാരംഭിക്കുന്നത്. ഇതിനിടെ ഡബ്ബിംഗ് ജോലികളും ആരംഭിച്ചു കഴിഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചിമ്പു സിനിമയിലെ തൻ്റെ ഭാഗങ്ങൾക്കായി ഡബ്ബ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഉലകനായകൻ കൂടി ഡബ്ബിങ്ങിനെത്തിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാക്കളായ രാജ് കമൽ ഫിലിം ഇന്റർനാഷണൽ. ഉലകനായകൻ ശബ്ദമുയർത്തുമ്പോൾ ലോകം അത് ശ്രദ്ധിക്കുന്നു എന്നാണ് വോയിസ് ഓഫ് തഗ്സ് എന്ന വീഡിയോയുടെ കാപ്ഷൻ.

വമ്പൻ സ്റ്റാർകാസ്റ്റുള്ള ചിത്രത്തിൽ കമൽ ഹാസൻ, ചിമ്പു, തൃഷ, ജയം രവി, ഗൗതം കാർത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്നത്തിനൊപ്പം ഐശ്വര്യ ലക്ഷമിയുടെ രണ്ടാം ചിത്രമാണ് തഗ് ലൈഫ്.

1987ൽ പുറത്തിറങ്ങിയ 'നായക'ന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് 'തഗ് ലൈഫി'ന്റെ ഏറ്റവും വലിയ പ്രത്യേകത. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. എ ആർ റഹ്മാനാണ് തഗ് ലൈഫിന് സംഗീതം നിർവ്വഹിക്കുന്നത്.

Also Read:

Entertainment News
'ചിത്രീകരണം അനുമതിയില്ലാതെ'; പൊലീസിന് പിന്നാലെ എംവിഡിയും കേസെടുത്തു
To advertise here,contact us