'ഗോട്ടി'ൽ സ്നേഹയുടെ കഥാപാത്രത്തിലേക്ക് നയൻസിനെ പരിഗണിച്ചിരുന്നു; വെളിപ്പെടുത്തി വെങ്കട് പ്രഭു

ഗോട്ടിൽ വിജയ്‌യുടെ നായികാ കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്

വിജയ് ചിത്രം ഗോട്ടിലേക്ക് തെന്നിന്ത്യൻ നായിക നയൻ‌താരയെ പരിഗണിച്ചിരുന്നതായി സംവിധായകൻ വെങ്കട് പ്രഭു. എന്നാൽ അത് സംഭവിച്ചില്ല. പിന്നീട് സിനിമയുടെ റിലീസിന് ശേഷം നയൻതാര തന്നെ വിളിച്ചിരുന്നു എന്നും സ്നേഹയുടെ പ്രകടനത്തെ ഏറെ പ്രശംസിച്ചുവെന്നും സംവിധായകൻ പറഞ്ഞു.

'ഈ കഥാപാത്രത്തിനായി നയൻസിനെ പരിഗണിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് സിനിമയുടെ റിലീസിന് ശേഷം നയൻസ് എന്നെ ഫോണിൽ വിളിച്ചിരുന്നു. സ്നേഹയെക്കാൾ ബെസ്റ്റ് ചോയ്സ് മറ്റാരുമില്ലെന്നും സ്നേഹ അതിഗംഭീരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നും നയൻസ് പറഞ്ഞു,' വെങ്കട് പ്രഭു ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.

ഗോട്ടിൽ വിജയ്‌യുടെ നായികാ കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്. അനുരാധ ഗാന്ധി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സവിത റെഡ്‌ഡിയായിരുന്നു സിനിമയിൽ സ്നേഹയ്ക്ക് ശബ്ദം നൽകിയത്. സ്നേഹയ്ക്ക് പുറമെ മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഇതിനകം ആഗോളതലത്തിൽ 300 കോടി കടന്നിരിക്കുകയാണ്. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച മാത്രം സിനിമ 17.50 കോടിയാണ് രാജ്യത്ത് നിന്ന് നേടിയത്. ഇതിൽ 13.50 കോടി തമിഴ്‌നാട്ടിൽ നിന്നായിരുന്നു. സിനിമയ്ക്ക് ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

To advertise here,contact us