ടൊവിനോയുടെ മോഷണം കിടുക്കി, ബോക്സ് ഓഫീസിൽ ആദ്യ ദിനം നേടിയത്

മുൻ വർഷങ്ങളിലെ ഓണം റിലീസുകളുടെ കളക്ഷൻ പരിശോധിക്കുമ്പോൾ എആർഎം ഒട്ടും പുറകിൽ അല്ല

ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 3 .19 കോടി രൂപയോളമാണ് ചിത്രം ഓപ്പണിങ് ഡേ കളക്ഷനായി ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സാക്‌നിക് റിപ്പോർട്ട് ചെയ്യുന്നത്.

മുൻ വർഷങ്ങളിലെ ഓണം റിലീസുകളുടെ കളക്ഷൻ പരിശോധിക്കുമ്പോൾ എ ആർ എം ഒട്ടും പുറകിൽ അല്ല. കഴിഞ്ഞ വർഷത്തെ ഓണം റിലീസായെത്തിയ ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്ത ആദ്യ ദിനം ബോക്സ് ഓഫീസിൽ നിന്ന് അഞ്ചു കോടി രൂപയോളമാണ് നേടിയിരുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കൊത്തയ്ക്ക് പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച പെര്‍ഫോമന്‍സ് നടത്താനായില്ല. ആ ഓണക്കാലത്ത് സർപ്രൈസ് ഹിറ്റായത് ആർ ഡി എക്സ് ആയിരുന്നു. ആദ്യ ദിനം ഒരു കോടി മാത്രമേ നേടാനായിട്ടുള്ളുവെങ്കിലും പിന്നീട് ചിത്രം 80 കോടിക്കടുത്ത് കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്.

ടൊവിനോ തോമസിന്റെ മികച്ച പ്രകടനവും ജിതിൻ ലാലിന്റെ സംവിധാന മികവുമാണ് എ.ആര്‍.എമ്മിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളില്‍ നിറയുന്നത്. ചിത്രം ഗംഭീരമായ ദൃശ്യ വിരുന്നാണെന്നും അഭിപ്രായങ്ങളുണ്ട്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌. തമിഴിൽ കന,ചിത്ത തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.

To advertise here,contact us