അർജുൻ സർക്കാർ ഓൺ ഡ്യൂട്ടി; 'ഹിറ്റ് 3'യിൽ ജോയിൻ ചെയ്ത് നാനി

അർജുൻ സർക്കാർ എന്ന കഥാപാത്രത്തെയാണ് നാനി സിനിമയിൽ അവതരിപ്പിക്കുന്നത്

'ഹിറ്റ്' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 യിൽ സെറ്റിൽ ജോയിൻ ചെയ്ത് നടൻ നാനി. ഹൈദരാബാദിൽ നടക്കുന്ന ഷെഡ്യൂളിലാണ് നടൻ ജോയിൻ ചെയ്തിരിക്കുന്നത്. നാനിയും മറ്റ് പ്രധാന കഥാപാത്രങ്ങളും ഉൾപ്പെടുന്ന സീനുകളാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. അർജുൻ സർക്കാർ എന്ന കഥാപാത്രത്തെയാണ് നാനി സിനിമയിൽ അവതരിപ്പിക്കുന്നത്. ഹിറ്റ് 2 എന്ന സിനിമയുടെ അവസാന രംഗങ്ങളിൽ അർജുൻ സർക്കാറിനെ കാണിച്ചിരുന്നു. ഈ കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചായിരിക്കും ഹിറ്റ് 3 കഥ പറയുക.

ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. ഹിറ്റ് ഒന്ന്-രണ്ട് ഭാഗങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിശ്വക് സെൻ, അദിവി ശേഷ് എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും.

2020ലാണ് ഹിറ്റ് ഒന്നാം ഭാഗം റിലീസ് ചെയ്തത്. വിശ്വക് സെൻ നായകനായ സിനിമയിൽ റൂഹാനി ശർമയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ഹിറ്റ് ഒരു ഫ്രാഞ്ചൈസിയാക്കുന്നതിന് അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്. പിന്നാലെയാണ് അദിവി ശേഷും മീനാക്ഷി ചൗധരിയും പ്രധാന കഥാപാത്രങ്ങളായ ഹിറ്റ്: ദി സെക്കൻഡ് കേസ് റിലീസ് ചെയ്യുന്നത്. ഇരു സിനിമകളും ആമസോൺ പ്രൈമിൽ ലഭ്യമാണ്.

To advertise here,contact us