അന്ന് കുഞ്ഞിരാമായണം, പിന്നെ ആർഡിഎക്‌സ്, ഇന്ന് എആർഎം; ആദ്യ ചിത്രം ഓണം വിന്നറാക്കിയ ആശാനും ശിഷ്യന്മാരും

റിലീസ് ചെയ്ത ചിത്രങ്ങളിൽ ഭൂരിപക്ഷത്തിനും മികച്ച അഭിപ്രായം ലഭിക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകത

ഓണക്കാലം ആഘോഷങ്ങൾക്കൊപ്പം ഓണചിത്രങ്ങൾക്കും കൂടിയുള്ളതാണ്. നിരവധി ചിത്രങ്ങളാണ് ഇത്തവണത്തെ ഓണത്തിനും റിലീസ് ചെയ്തത്. റിലീസ് ചെയ്ത ചിത്രങ്ങളിൽ ഭൂരിപക്ഷത്തിനും മികച്ച അഭിപ്രായം ലഭിക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകത. ഇത്തവണ റിലീസ് ചെയ്ത ഓണചിത്രങ്ങളിൽ ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണമാണ് മുൻപന്തിയിൽ നിൽക്കുന്നത്.

ശനിയാഴ്ച മാത്രം മൂന്നര കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ അസോസിയേറ്റ് ആയ ജിതിൻലാൽ സംവിധാനം ചെയ്ത എആർഎം വിജയമാകുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബേസിൽ ജോസഫും അദ്ദേഹത്തിന്റെ സഹസംവിധായകരായിരുന്നവരുടെയും ആദ്യ പടങ്ങൾ ഓണം വിന്നറാവുന്നു എന്നതാണത്.

ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയിരുന്ന നഹാസ് ആയിരുന്നു കഴിഞ്ഞ തവണത്തെ ഓണം വിന്നർ ചിത്രമായ ആർഡിഎക്‌സ് ഒരുക്കിയത്. അജയന്റെ രണ്ടാം മോഷണമെന്ന ചിത്രം ഒരുക്കിയത് ജിതിൻ ലാൽ ആണ്. ബേസിലിന്റെ ഷോർട് ഫിലിം കാലം തൊട്ട് അസിസ്റ്റന്റും അസോസിയേറ്റുമായെല്ലാം ജിതിൻ ലാൽ കൂടെയുണ്ടായിരുന്നു. ഇരുവരുടെയും ആദ്യ ചിത്രം കൂടിയാണിത്.

ഇരുവരുടെയും 'ആശാൻ' ആയ ബേസിൽ ജോസഫിന്റെ ആദ്യചിത്രമായ കുഞ്ഞിരാമായണവും ഓണം വിന്നറായിരുന്നു. 2015 ലായിരുന്നു കുഞ്ഞിരാമായണം റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബിജു മേനോൻ, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ച കുഞ്ഞിരാമായണത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജിതിൻ ലാലുമുണ്ടായിരുന്നു.

Also Read:

Entertainment News
ഓണം ടൊവിനോ മോഷ്ടിച്ചു, എആർഎം രണ്ടു ദിവസം കൊണ്ട് നേടിയത് കോടികൾ

ഗോദ സിനിമയുടെ സമയമായപ്പോഴേക്കും ജിതിൻലാൽ ബേസിലിന്റെ അസോസിയേറ്റ് ആയി മാറി. ഇതേ ചിത്രത്തിൽ തന്നെയാണ് നഹാസ് ഹിദായത്ത് അസിസ്റ്റന്റ് സംവിധായകനായി എത്തിയത്. വർഷങ്ങൾക്ക് ശേഷം 2023 ലെ ഓണക്കാലത്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ നായകരാക്കി ഒരുക്കിയ ആർഡിഎക്‌സിലൂടെ നഹാസ് സ്വതന്ത്രസംവിധായകനായി മാറുകയായിരുന്നു.

2024 ൽ അജയന്റെ രണ്ടാം മോഷണവുമായി എത്തിയത് ജിതിൻ ലാൽ ആയിരുന്നു. മൂന്ന് കാലഘട്ടത്തിലെ മുന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി ടൊവിനോ തോമസ് എത്തിയ ചിത്രം ബോക്‌സോഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാർ.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോമോൻ ടി ജോൺ ആണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ഛായാഗ്രഹണം.

To advertise here,contact us