ജൂനിയർ എൻടിആർ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'ദേവര പാർട്ട് 1'ന്റെ കേരള വിതരണാവകാശം സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. സെപ്റ്റംബർ 27 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടല ശിവ ആണ്. പ്രഭാസ് ചിത്രം 'കൽകി 2898 എഡി'ക്ക് ശേഷം വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്ന തെലുങ്ക് ചിത്രമാണ് 'ദേവര'.
'ആർആർആറി'ന് ശേഷം ജൂനിയർ എൻടിആർ നായകനാകുന്ന ഈ ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. യുവസുധ ആർട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ് റാം ആണ് അവതരിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്.
'ജനതാ ഗാരേജ് ' എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദേവര പാര്ട്ട് 1'. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആറ് വർഷത്തിന് ശേഷമുള്ള ജൂനിയർ എൻടിആറിന്റെ സോളോ റിലീസാണ് ദേവര. സിനിമയുടെ റിലീസ് അടുക്കുന്ന വേളയിൽ താൻ ഏറെ പരിഭ്രമത്തിലാണെന്ന് നടൻ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ തുറന്നു പറഞ്ഞിരുന്നു.