റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് വിജയ് ചിത്രം 'ദി ഗോട്ട്'. തമിഴ്നാട്ടിലും ഓവർസീസ് മാർക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം 13 ദിവസം കൊണ്ട് 400 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ എജിഎസ് എന്റർടൈന്മെന്റ്സ് തന്നെയാണ് കളക്ഷൻ റിപ്പോർട്ട് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
ലോകേഷ് കനകരാജ് ചിത്രം 'ലിയോ'ക്ക് ശേഷം 400 കോടി കടക്കുന്ന വിജയ് ചിത്രമാണ് 'ദി ഗോട്ട്'. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ല. തമിഴ്നാട്ടിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ 'പൊന്നിയിൻ സെൽവൻ പാർട്ട് 1'ന്റെ തൊട്ടു പിന്നിലാണ് ഇപ്പോൾ കളക്ഷനിൽ 'ഗോട്ട്' ഉള്ളത്. ചിത്രം വൈകാതെ 'പൊന്നിയിൻ സെൽവ'നെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ കേരളത്തിൽ ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാൻ സാധിച്ചിട്ടില്ല. 12 കോടിയോളമാണ് ഇതുവരെ ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്. ഇത് ആഗോള കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വിപരീതമായി മോശം റിപ്പോർട്ടായിരുന്നു ചിത്രം കേരളത്തിൽ നിന്ന് നേടിയത്.
126 കോടി ആയിരുന്നു 'ദി ഗോട്ട്' ആദ്യ ദിനം ആഗോള തലത്തിൽ വാരികൂട്ടിയത്. തുടർച്ചയായി 200 കോടി ക്ലബ്ബിലെത്തുന്ന വിജയ്യുടെ എട്ടാമത്തെ ചിത്രം കൂടിയാണ് 'ദി ഗോട്ട്'. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.