ചിത്രീകരണം പൂർത്തിയാകും മുന്‍പേ കോടി ക്ലബിലെത്തി തഗ്ഗ് ലൈഫ് ; വമ്പന്‍ നേട്ടം കൊയ്ത് കമല്‍ ഹാസനും ഉദയനിധിയും

1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് 'തഗ് ലൈഫി'ന്റെ ഏറ്റവും വലിയ പ്രത്യേകത

ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് ഇടവേളകളില്ലാതെ പായുകയാണ് കമൽ ഹാസൻ. കമലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് ഇന്ത്യൻ 3 യും കൽക്കിയും മണിരത്നത്തിന്റെ തഗ്ഗ് ലൈഫുമാണ്. ഇപ്പോഴിതാ തഗ്ഗ് ലൈഫിന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ഒരു പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോം 149.7 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് 'തഗ് ലൈഫി'ന്റെ ഏറ്റവും വലിയ പ്രത്യേകത. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. കമല്‍ ഹാസന്‍റെ നിര്‍‌മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്‍റെ

റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. സിമ്പു, തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ എത്തിയ ഇന്ത്യൻ 2 വാണ് കമൽഹാസന്റെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയത്. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചിരുന്നത്.

To advertise here,contact us