അന്തരിച്ച അഭിനേത്രി കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്ന് കമൽഹാസൻ. മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിൽ ഒരാളായിരുന്നു കവിയൂർ പൊന്നമ്മ. ആ അഭിനയ മികവ് കൊണ്ടാണ് തങ്ങൾക്ക് ആ കലാകാരിയെ തമിഴ് സിനിമയിലേക്കും കൊണ്ടുവരാൻ സാധിച്ചത്. കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്ത തീർത്തും വേദനാജനകമാണ്. കമൽഹാസൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.
'മലയാളത്തിൻ്റെ മികച്ച സ്വഭാവനടിയായ കവിയൂർ പൊന്നമ്മയെ 'എല്ലാ അഭിനേതാക്കളുടെയും അമ്മ' എന്നാണ് വിളിച്ചിരുന്നത്. അഭിനയ മികവ് കാരണം ഞങ്ങൾ അവരെ തമിഴ് സ്ക്രീനിലേക്കും കൊണ്ടുവന്നു (സത്യ). കവിയൂർ പൊന്നമ്മയുടെ മരണവാർത്ത ദു:ഖകരമാണ്. കുടുംബത്തിന് എൻ്റെ അനുശോചനം. അമ്മയ്ക്ക് ആദരാഞ്ജലികൾ,' കമൽഹാസൻ കുറിച്ചു. കമൽഹാസൻ നായകനായ സത്യ എന്ന തമിഴ് ചിത്രത്തിൽ കവിയൂർ പൊന്നമ്മയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
'எல்லா நடிகர்களுக்கும் அம்மா' என்று செல்லப் பெயரெடுத்தவர் மலையாளத் திரையின் சிறந்த குணச்சித்திர நடிப்புக் கலைஞரான கவியூர் பொன்னம்மா. அவரது நடிப்புத் திறத்தால் அவரைத் தமிழ்த் திரைக்கும் (சத்யா) அழைத்து வந்தோம்.தன் 13 ஆம் வயதில் மேடை நாடகக் கதாநாயகியாக அறிமுகமானவரின் கலைப் பயணம்,… pic.twitter.com/wU0tLuLNSn
ഇന്നലെ വൈകുന്നേരം ആലുവ കരുമാലൂരിലെ വീട്ടുവളപ്പില് സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. രാവിലെ എറണാകുളം കളമശ്ശേരി ടൗണ് ഹാളില് പൊതുദര്ശനത്തിന് വെച്ച ഭൌതിക ശരീരത്തില് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം നിരവധി പേര് എത്തി അന്ത്യാജ്ഞലി അര്പ്പിച്ചു. വാര്ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് കൊച്ചി ലിസി ആശുപത്രിയില് വെച്ചായിരുന്നു കവിയൂര് പൊന്നമ്മയുടെ വിയോഗം.
മലയാള സിനിമയിലെ അമ്മ മുഖമായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര് പൊന്നമ്മ. നാടകത്തില് നിന്നായിരുന്നു സിനിമാ ലോകത്തേയ്ക്ക് എത്തിയത്. തോപ്പില് ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളില് കവിയൂര് പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില് ഒന്ന്. കുടുംബിനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മമ്മൂട്ടി, മോഹന്ലാല്, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്നിര നായകന്മാരുടെയെല്ലാം അമ്മയായി കവിയൂര് പൊന്നമ്മ തിളിങ്ങി. 2021 ല് പുറത്തിറങ്ങിയ ആണും പെണ്ണുമാണ് കവിയൂര് പൊന്നമ്മയുടേതായി ഒടുവില് പുറത്തിറങ്ങിയ ചിത്രം.