ഹിസ് ഹൈനസ് അബ്ധുള്ളയിലെ 'ദേവസഭാതലം' പാടാതിരുന്നത് എന്തുകൊണ്ട്? ; വർഷങ്ങൾക്ക് ശേഷം തുറന്നുപറഞ്ഞ് എംജി ശ്രീകുമാർ

ദേവസഭാതലം... എന്ന ഗാനം യേശുദാസിനൊപ്പം ആലപിക്കേണ്ടിയിരുന്ന എംജി ശ്രീകുമാർ മനപ്പൂർവ്വം ആ ഗാനം പാടിയില്ല എന്നായിരുന്നു പ്രചരിച്ച കഥകളിൽ ഒന്ന്

എംജി ശ്രീകുമാറിന് ദേശീയ പുരസ്‌കാരം നേടികൊടുത്ത സിനിമയായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. ചിത്രത്തിലെ 'നാദരൂപിണി' എന്ന ഗാനത്തിനായിരുന്നു 1990 ലെ ദേശീയ പുരസ്‌കാരം

അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട് പിന്നീട് ചില വിവാദങ്ങൾ ഉയർന്നിരുന്നു.

ചിത്രത്തിലെ 'ദേവസഭാതലം' എന്ന ഗാനം യേശുദാസിനൊപ്പം ആലപിക്കേണ്ടിയിരുന്നത്

എംജി ശ്രീകുമാർ ആയിരുന്നെന്നും, എന്നാൽ അദ്ദേഹം മനപ്പൂർവ്വം ആ ഗാനം പാടിയില്ല എന്നുമായിരുന്നു അന്ന് പ്രചരിച്ച കഥകളിൽ ഒന്ന്. വർഷങ്ങൾക്ക് ശേഷം ഈ വിവാദത്തിന്‍റെ

സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് എംജി ശ്രീകുമാർ. തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ഓർമ്മകൾ എന്ന സീരിസിന്റെ ഭാഗമായിട്ടായിരുന്നു എംജി ശ്രീകുമാർ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഹിസ് ഹൈനസ് അബ്ദുള്ളയിലെ വിവാദത്തെ കുറിച്ച് സംവിധായകൻ സിബി മലയിലും പാട്ടെഴുത്തുകാരൻ കൈതപ്രവും പറയുന്ന കഥകൾ രണ്ട് തരത്തിലാണെന്നും ഇതിൽ ഏതാണ് സത്യമെന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞുകൊണ്ടാണ് എംജി ശ്രീകുമാര്‍ മനസുതുറന്നത്.

വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ നിർമിച്ച ഹിസ് ഹൈനസ് അബ്ദുള്ളയിൽ മുഴുവൻ പാട്ടുകളും തനിക്ക് ആണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. 'ശ്രീകുട്ടാ സിബിയുടെ ഒരു സിനിമ വരുന്നുണ്ട്. കോളടിച്ചു 6 പാട്ടാണ് ഉള്ളത്, കസറണം കേട്ടോ എന്നായിരുന്നു ലാൽ പറഞ്ഞത്' എന്നും എംജി ശ്രീകുമാർ പറയുന്നു.

പിന്നീട് ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും ഒരു ഗാനം യേശുദാസിനെ കൊണ്ട് പാടിക്കണമെന്ന് ഉണ്ടെന്ന് പറഞ്ഞെന്നും, അപ്പോൾ തീർച്ചയായും കൊടുക്കണമെന്നായിരുന്നു താൻ പറഞ്ഞതെന്നും എംജി ശ്രീകുമാർ പറഞ്ഞു.

പിന്നീട് ദിവസങ്ങൾ കടന്നുപോയതോടെ ആറ് ഗാനങ്ങളിൽ ഒരു ഗാനം മാത്രമായി തനിക്കെന്നും അതാണ് 'നാദരൂപിണി'യെന്നും എംജി ശ്രീകുമാർ പറഞ്ഞു. മൂകാംബിക ദേവിയെ കുറിച്ചുള്ള ആ ഗാനം മതിയെന്ന് താനും പറഞ്ഞു. പിന്നീട് ദേവസഭാതലം എന്ന ഗാനം യേശുദാസിനൊപ്പം പാടുന്ന രീതിയിലേക്കും ചര്‍ച്ചകള്‍ നടന്നെന്നും എംജി ശ്രീകുമാർ വെളിപ്പെടുത്തി.

ആ ഗാനം ആദ്യം താൻ പാടി. സിനിമയില്‍ അഹങ്കാരിയും ദേഷ്യക്കാരനുമായ പാട്ടുകാരന്റെ റോളിലെത്തുന്ന കെെതപ്രമാണ് ആ പാട്ട് പാടുന്നത്. കഥാപാത്രത്തിന്‍റെ ആ ഭാവങ്ങൾ കൂടി ചേർത്ത്

വീണ്ടും പാടണമെന്ന് ആവശ്യപ്പെട്ടിരുന്നുന്നെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

"പാടാന്‍ മടിയില്ലായിരുന്നു. പക്ഷേ അതൊരു മിമിക് ആണ്. ഗാനം കാസറ്റായി പുറത്ത് വരുമ്പോൾ എന്റെ ശബ്ദം മോശമായിട്ടാണ് കേള്‍ക്കുക. ഞാനാണെങ്കിൽ തുടക്കക്കാരനുമാണ്. ഒരു കംപാരിസണ്‍ ഉണ്ടാവും. അതെനിക്ക് വയ്യ. ഈ കാര്യം സുഹൃത്തായ ഡെന്നീസ് ജോസഫിനോട് പറഞ്ഞപ്പോൾ അദ്ദേഹം ആ പാട്ട് പാടേണ്ടതില്ലെന്ന് പറഞ്ഞു," എംജി ശ്രീകുമാർ പറഞ്ഞു.

പിന്നീട് തനിക്ക് പകരം ചിത്രത്തിന്‍റെ സംഗീത സംവിധായകനായ രവീന്ദ്രൻ മാസ്റ്റർ തന്നെ യേശുദാസിനൊപ്പം ആ ഗാനം ആലപിക്കുകയായിരുന്നെന്നും എംജി ശ്രീകുമാർ പറഞ്ഞു. ഇതാണ് യഥാർഥത്തിൽ നടന്നത്. ഈ കാര്യം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് കൊണ്ട് കാര്യമില്ല. തനിക്കറിയാവുന്ന കാര്യമാണ് താൻ വിശ്വസിക്കുന്നത്. പിന്നാമ്പുറത്ത് എന്ത് സംഭവിക്കുന്നുവെന്ന് അറിയില്ലെന്നും എംജി ശ്രീകുമാർ പറഞ്ഞു.

1990 മാർച്ചിൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ളയിൽ മോഹൻലാലിനൊപ്പം നെടുമുടി വേണു ഗൗതമി, കവിയൂർ പൊന്നമ്മ, ജഗദീഷ്, കൈതപ്രം, മണിയൻ പിള്ള രാജു, മാമുകോയ, ശ്രീനിവാസൻ, സോമൻ, തിക്കുറിശ്ശി തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ചിത്രവും ഗാനങ്ങളും അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയായി തുടരുകയാണ്.

To advertise here,contact us