നായകൻ മീണ്ടും വരാർ; ഷൂട്ടിങ് പൂർത്തിയാക്കി മണിരത്നം-കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്'

നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് 'തഗ് ലൈഫ്'

കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ 'തഗ് ലൈഫി'ൻ്റെ ഷൂട്ട് പൂർത്തിയായി. ഷൂട്ടിങ് പാക്ക് അപ്പ് ആയതിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ മേക്കിങ് രംഗങ്ങള്‍ ഉള്‍പ്പടെയുള്ള വിഷ്വൽസാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കമൽ ഹാസനെ കൂടാതെ ചിമ്പുവിനെയും വീഡിയോയിൽ കാണാനാകും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് 'തഗ് ലൈഫ്'.

ചിത്രം അടുത്ത വർഷം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍.

ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ഒരു പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോം 149.7 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്തത്. പി ആർ ഒ പ്രതീഷ് ശേഖർ.

To advertise here,contact us