സിനിമയിൽ അരങ്ങേറി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് ധ്രുവ് വിക്രം അഭിനയിച്ചിട്ടുള്ളത്. ഇതിൽ മൂന്നാമത്തെ ചിത്രമായ ബൈസൺ റിലീസിന് ഒരുങ്ങുന്നതെയുള്ളു. മാരി സെൽവരാജ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ റിലീസിന് മുമ്പായി അടുത്ത ചിത്രം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
ആർ എക്സ് 100, മംഗൾവാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ അജയ് ഭൂപതിക്കൊപ്പം ഒന്നിക്കാനാണ് ധ്രുവ് വിക്രമിന്റെ പദ്ധതി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
അജയ് ഭൂപതി ഒരുക്കിയ ആദ്യ ചിത്രമായിരുന്നു ആർ എക്സ് 100. ഇതിന് പിന്നാലെ ഒരുക്കിയ മംഗൾവാരം വിവിധ ഭാഷകളിൽ വൻ ഹിറ്റായിരുന്നു. സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിക്കുന്നതിനായി പ്രമുഖ ബോളിവുഡ് പ്രൊഡക്ഷൻ ഹൗസ് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം മാരിസെൽവരാജ് ഒരുക്കുന്ന ബൈസണിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്പോർട്സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ കബഡി താരമായിട്ടാണ് ധ്രുവ് വിക്രം അഭിനയിക്കുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ രജിഷ വിജയൻ, ലാൽ, പശുപതി, കലൈയരശൻ, ഹരി കൃഷ്ണൻ, അഴകം പെരുമാൾ, അരുവി മദൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പാ രഞ്ജിത്തിന്റെ ഹോം ബാനറായ നീലം സ്റ്റുഡിയോയും അപ്ലാസ് എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവാസ് കെ. പ്രസന്നയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എഴിൽ അരസു, എഡിറ്റിങ് ശക്തികുമാർ എന്നിവരാണ്.