ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് 'വാർ 2'. 'വാർ', 'പത്താൻ', 'ടൈഗർ 3' എന്നീ സിനിമകൾക്ക് ശേഷം സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ഹൃത്വിക് റോഷനെ കൂടാതെ കിയാര അദ്വാനി, ജൂനിയർ എൻടിആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ലീക്കായിരിക്കുകയാണ്. ഇറ്റലിയിൽ ഷൂട്ട് പുരോഗമിക്കുന്ന ചിത്രത്തിൽ നിന്നുള്ള കിയാര അദ്വാനിയുടെയും ഹൃത്വിക് റോഷന്റെയും റൊമാന്റിക് രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
New leaks from the sets of #War2! 📸@iHrithik and @advani_kiara spotted filming a romantic track on the scenic streets of Italy. 🎬✨#KiaraAdvani #HrithikRoshan #War2 #Bollywood #Italy. pic.twitter.com/PYOXcvz3Z8
ചിത്രത്തിൽ നിന്നുള്ള ഗാന രംഗത്തിലെ ഭാഗങ്ങളാണ് ലീക്കായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് മുൻപും ഇറ്റലിയിൽ നിന്നുള്ള ഹൃത്വിക് റോഷന്റെ ഷൂട്ടിങ് സ്റ്റില്ലുകളും വീഡിയോസും ലീക്ക് ആയിരുന്നു. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്.
ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.