ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യ്ത ചിത്രമാണ് 'ദേവര പാർട്ട് 1'. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി വിജയകരമായി ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയെ ആഘോഷത്തോടെ വരവേല്ക്കുന്ന ജൂനിയർ എൻടിആറിന്റെ ആരാധകരുടെ ആവേശമാണ് വീണ്ടും ചർച്ചകളിൽ ഇടം നേടുന്നത്.
ഹൈദരാബാദിലെ സുദര്ശന് തിയേറ്ററില് സ്ഥാപിച്ച കൂറ്റന് പോസ്റ്ററില് മാലയിട്ടാണ് ദേവരയുടെ ആഘോഷം ആരംഭിച്ചത്. ഇതിനിടെ പടക്കങ്ങള് കൂടി പൊട്ടിച്ചതോടെ കട്ടൗട്ടിന് തീപിടിച്ച വീഡിയോ സോഷ്യല് മീഡിയയില് വൈറലായി കൊണ്ടിരിക്കുകയാണ്. ആടിന്റെ തലയറുത്ത് കട്ടൌട്ടില് രക്തം ഒഴിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
https://x.com/Johnnie5ir/status/1839546367032586670https://x.com/Fukkard/status/1839548462506930252
അതേസമയം, ഹൈദരാബാദിൽ നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രീ ഇവന്റ് ചടങ്ങ് റദ്ദാക്കിയിരുന്നു. ജൂനിയർ എൻടിആർ ഉൾപ്പടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. എന്നാൽ വേദിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. ഇതേതുടർന്ന് പരിപാടി റദ്ദാക്കുകയും മുഖ്യാതിഥിയായിരുന്ന സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് മടങ്ങുകയുമുണ്ടായി. പിന്നാലെ എൻടിആർ ആരാധകർ അക്രമാസക്തരാവുകയും വേദിയിലെ കസേരകളും മറ്റുമൊക്കെ അടിച്ചുതകർക്കുകയും ചെയ്തിരുന്നത്.
കൊരട്ടല ശിവയും എന്ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില് ബോളിവുഡ് താരങ്ങളായ ജാന്വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. ജാന്വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്ട്ട്സും എന്ടിആര് ആര്ട്സും ചേര്ന്ന് നിര്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ് റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന് ടോം ചാക്കോ, നരൈന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്ഖര് സല്മാന്റെ വേഫറര് ഫിലിംസാണ്.