റിലീസ് ചെയ്തിട്ട് 4 മാസം; ടൊവിനോയുടെ 'നടികർ' ഒടിടി റിലീസ് ചെയ്യാത്തത് എന്തുകൊണ്ട് ?, ചോദ്യങ്ങളുമായി ആരാധകർ

ലാൽ ജൂനിയർ സംവിധാനം ചെയ്ത 'നടികർ' എന്ന ചിത്രത്തിൽ ഭാവന, സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ബാലു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ ഒരുക്കിയ ചിത്രമായിരുന്നു നടികർ. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായി ടൊവിനോ തോമസ് എത്തിയ ചിത്രം 2024 മേയ് 3 നായിരുന്നു റിലീസ് ചെയ്തത്.

എന്നാൽ റിലീസ് ചെയ്ത് നാല് മാസം കഴിയുമ്പോഴും ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശത്തിനായി നൽകുന്ന തുകയുമായി ബന്ധപ്പെട്ട തർക്കമാണ് റിലീസ് വൈകുന്നതിന് കാരണമെന്ന് പ്രമുഖ വിനോദവാർത്ത ഓൺലൈൻ ആയ ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തു.

ചിത്രത്തിന്റെ ഒടിടി സംപ്രേക്ഷണത്തിനായി വൻ തുക ഓഫർ ഉണ്ടായിരുന്നെങ്കിലും ചിത്രം ബോക്‌സോഫീസിൽ പരാജയമായതോടെ ഒടിടി പ്ലാറ്റ്‌ഫോമും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുകയായിരുന്നു. സംപ്രേക്ഷണ അവകാശതുക പുനർനിർണയിക്കണമെന്നാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെ നിർദ്ദേശം. ഈ പ്രശ്‌നം പരിഹരിച്ചാൽ മാത്രമേ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുകയുള്ളു.

നടികറില്‍ സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ബാലു വർഗീസ്, ദിവ്യ പിള്ള, അനൂപ് മേനോൻ, ദിനേശ് പ്രഭാകർ, മേജർ രവി, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു. അതേസമയം, ടൊവിനോ നായകനായി എത്തിയ 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം 100 കോടി ക്ലബിൽ കയറിയിരുന്നു.

To advertise here,contact us