കാണാതായ സഞ്ചാരികൾ ആര്? ഒരുങ്ങുന്നത് സൈക്കോളജിക്കല്‍ ത്രില്ലർ; അമൽ നീരദിന്റെ ബോഗെയ്ൻവില്ല, സിനോപ്‌സിസ് പുറത്ത്

ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

ഭീഷ്മ പർവത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബോഗെയ്ൻവില്ല'. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസില്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രോമോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇതിനിടെ ചിത്രം കാണാനുള്ള ആവേശം ഇരട്ടിയാക്കി 'ബോഗെയ്ൻവില്ല'യുടെ സിനോപ്‌സിസ് പുറത്തുവന്നു. പ്രമുഖ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈ ഷോയിലാണ് ചിത്രത്തിന്റെ ചെറുവിവരണം നൽകിയത്. സൈക്കോളജിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തിൽ സന്ദർശനത്തിന് എത്തിയ ടൂറിസ്റ്റുകളെ കാണാതായതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ ഒരു കുടുംബം ഉൾപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത് എന്നാണ് ബുക്ക്‌മൈഷോയിലെ വിവരണത്തില്‍ ഉള്ളത്.

ഒരിടവേളക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല. പ്രമോ ഗാനമായ സ്തുതി പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.

സുഷിൻ ശ്യാം ഈണം നൽകിയ ഗാനത്തിന് വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്. സുഷിനും മേരി ആൻ അലക്‌സാണ്ടറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരാണ് ബോഗയ്ന്‍വില്ലയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'ഭീഷ്മപർവ്വം' സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ൻവില്ലയുടേയും ഛായാഗ്രാഹകൻ. അമൽ നീരദ് പ്രൊഡക്ഷൻസിൻറേയും ഉദയ പിക്‌ചേഴ്‌സിൻറേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 17 ന് തിയേറ്ററിലെത്തും.

To advertise here,contact us