ഒടിടിയിൽ ഓടി തുടങ്ങി വിജയ്‌യുടെ ഗോട്ട്, ആരാധകർക്ക് നിരാശ, തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത രംഗങ്ങൾ ഇല്ല

ഗോട്ടിലെ സെൻസർ ചെയ്ത രംഗങ്ങൾ ഒടിടിയിൽ ഉണ്ടാകുമെന്ന് നേരത്തെ സംവിധായകൻ വെങ്കട്ട് പ്രഭു അറിയിച്ചിരുന്നു

തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായ 'ദി ഗോട്ട്'. സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങിയ ചിത്രം 456 കോടിയാണ് തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് വിജയ് ചിത്രം. നെറ്റ്ഫ്ലിക്സില്‍ തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ഗോട്ട് എത്തിയിരിക്കുന്നത്.

ചിത്രത്തിലെ സെൻസർ ചെയ്ത രംഗങ്ങൾ ഒടിടിയിൽ ഉണ്ടാകുമെന്ന് നേരത്തെ സംവിധായകൻ വെങ്കട്ട് പ്രഭു അറിയിച്ചിരുന്നു. എന്നാൽ തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ അതേ പതിപ്പ് തന്നെയാണ് ഒടിടിയിലും എത്തിയിട്ടുള്ളത്. സെൻസർ ചെയ്ത രംഗങ്ങളുടെ വിഎഫ്എക്സ് ജോലികൾ പൂർത്തിയാകാതിനാലാണ് ഇതേ പതിപ്പ് ഒടിടിയിൽ റിലീസ് ചെയ്യുന്നതെന്നും ഭാവിയിൽ ഈ രംഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും സംവിധായകൻ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

For director’s cut lotta VFX and final work required guys!! So will talk to my producers @Ags_production and release it as deleted scenes or an extended cut in da coming future!!! Now enjoy this version!! https://t.co/IUBJsW9hdH

3 മണിക്കൂറും 20 മിനിറ്റും ആയിരുന്നു ഗോട്ടിന്റെ യഥാർത്ഥ റൺടൈം. 18 മിനിറ്റിലധികം നീളുന്ന രംഗങ്ങൾ സെൻസർ ചെയ്തതിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. തിയേറ്ററില്‍ വന്ന 3 മണിക്കൂര്‍ 1 മിനുട്ട് പതിപ്പ് തന്നെയാണ് ഒടിടിയിലും എത്തിയിരിക്കുന്നത്. അതേസമയം, റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സർക്കാർ, മെർസൽ, ലിയോ, ബീസ്റ്റ് എന്നീ സിനിമകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന വിജയ് ചിത്രമാണ് ദി ഗോട്ട്.

ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് ശേഷം 400 കോടി ക്ലബ്ബിൽ ഇടം നേടുന്ന വിജയ് ചിത്രം കൂടിയാണ് ഗോട്ട്. എന്നാൽ കേരളത്തിൽ ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാൻ സാധിച്ചിട്ടില്ല. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

To advertise here,contact us