കാമിയോകളുടെ പൂരം, ഇത് അവഞ്ചേഴ്സിനുള്ള മറുപടിയോ?; അഞ്ച് മിനിറ്റ് നീണ്ട ട്രെയിലറുമായി 'സിങ്കം എഗെയ്ൻ'

ചിത്രത്തിൽ സൽമാൻ ഖാൻ കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ 'സിങ്കം എഗെയ്നി'ന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അഞ്ച് മിനിറ്റോളമാണ് ട്രെയിലറിൻ്റെ ദൈർഘ്യം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിലറാണിത്. ബോളിവുഡിലെ ഒട്ടുമിക്ക നടന്മാരും അണിനിരക്കുന്ന ചിത്രം ഒരു കളർഫുൾ ബിഗ് ബജറ്റ് ആക്ഷൻ എന്റർടൈനർ ആകുമെന്ന സൂചനയാണ് നൽകുന്നത്.

സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്ന സിനിമകൾ. ഇതിൽ സൂര്യവംശിയുടെ തുടർച്ചയായിട്ടാണ് സിങ്കം എഗെയ്ൻ എത്തുന്നത്. ചിത്രം പ്രധാന വേഷത്തിൽ ബാജിറാവോ സിങ്കം എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ ആണ് എത്തുന്നത്. മുൻ ചിത്രങ്ങളെ പോലെ രോഹിത് ഷെട്ടി സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.

കരീന കപൂർ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാൻ കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്. ദബാംഗ് എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രമായ ചുൽബുൽ പാണ്ഡെയായിട്ടാണ് നടനെത്തുക. ചിത്രത്തിനായി ഒരു ദിവസത്തെ ഡേറ്റ് സൽമാൻ ഖാൻ നൽകിയെന്നും അജയ് ദേവ്ഗണും സൽമാനുമൊത്തുള്ള ഈ രംഗങ്ങളാകും സിനിമയുടെ പ്രധാന ആകർഷണം എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

സിങ്കം എഗെയ്നിൽ ചെറിയ വേഷത്തിലെത്തുന്ന ചുൽബുൽ പാണ്ഡെ ഇനി പുറത്തിറങ്ങാനിരിക്കുന്ന കോപ്പ് യൂണിവേഴ്സിലെ അടുത്ത സിനിമകളിൽ ഒരു പ്രധാന വേഷത്തിലെത്തുമെന്നും സൂചനകളുണ്ട്. കോപ്പ് യൂണിവേഴ്സിലെ ഏറ്റവും വലിയ ചിത്രമായി ആണ് സിങ്കം എഗെയ്ൻ ഒരുങ്ങുന്നത്. ദീപാവലി റിലീസായി സിങ്കം എഗെയ്ൻ നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി.

Content Highlights: Singham Again Trailer promises to be a big budget action flick

To advertise here,contact us